റിയാദ്: രാജ്യത്ത് പുതിയ മാധ്യമ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ച് സൗദി അറേബ്യ. രാജ്യത്തെ മാധ്യമ ഉള്ളടക്കത്തിന്റെ മേൽനോട്ടം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പുതിയ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചത്. സൗദി ജനറൽ അതോറിറ്റി ഫോർ മീഡിയാ റെഗുലേഷനാണ് ഇക്കാര്യം അറിയിച്ചത്. തെറ്റിദ്ധരിപ്പിക്കുന്നതോ തെറ്റായതോ ആയ ഉള്ളടക്കം പാടില്ലെന്ന് പുതിയ നിർദ്ദേശത്തിൽ വ്യക്തമാക്കുന്നു. പൊതു മാന്യതയും സാമൂഹിക മൂല്യങ്ങളും സംരക്ഷിക്കുന്ന മാനദണ്ഡങ്ങൾ പാലിക്കുന്നതിന് വേണ്ടിയാണ് പുതിയ നിർദ്ദേശങ്ങൽ പുറപ്പെടുവിച്ചതെന്ന് അതോറിറ്റി അറിയിച്ചു.
പുതിയ ഉത്തരവിൽ മറ്റുള്ളവരെ പരിഹസിക്കുന്നതോ ഭീഷണിപ്പെടുത്തുന്നതോ ആയ ഉള്ളടക്കങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. തെറ്റിദ്ധരിപ്പിക്കുന്നതോ തെറ്റായതോ ആയ വിവരങ്ങൾ, വംശീയത, വിഭാഗീയത തുടങ്ങിയ ഉള്ളടക്കങ്ങൾ പ്രോത്സാഹിപ്പിക്കുന്നത്, നിന്ദ്യമായ ഭാഷയുടെ ഉപയോഗം, സാമൂഹികമോ ദേശീയമോ ആയ മൂല്യങ്ങളെ ദുർബലപ്പെടുത്തുന്ന ഏതൊരു ഉള്ളടക്കവും, കുടുംബങ്ങളുടെ സ്വകാര്യ കാര്യങ്ങൾ അല്ലെങ്കിൽ അവരുടെ സംഘർഷങ്ങൾ വെളിപ്പെടുത്തൽ തുടങ്ങിയവയും പാടില്ല. കുട്ടികളെയും വീട്ടുജോലിക്കാരെയും ഉള്ളടക്ക വസ്തുവായി ഉപയോഗിക്കാൻ പാടില്ലെന്നും നിർദ്ദേശമുണ്ട്.
അതേസമയം, മാധ്യമ സ്ഥാപനങ്ങളിൽ ധരിക്കാൻ അനുവാദമുള്ള വസ്ത്രങ്ങൾ ഏതൊക്കെയാണെന്ന് മീഡിയ റെഗുലേഷൻ അതോറിറ്റി വ്യക്തമാക്കിയിട്ടുണ്ട്. തോളിനും കാലുകൾക്കുമിടയിലുള്ള ശരീരത്തിന്റെ ഏതെങ്കിലും ഭാഗം തുറന്നുകാട്ടുന്ന വസ്ത്രങ്ങൾ കർശനമായി നിരോധിക്കും.
കൂടാതെ, അമിതമായി ഇറുകിയതും ശരീരഘടന എടുത്തുകാണിക്കുന്നതുമായ വസ്ത്രങ്ങൾ അനുവദനീയമല്ല. രാജ്യത്തെ പൊതു മര്യാദയുടെ മാനദണ്ഡങ്ങൾക്ക് വിരുദ്ധമായി കണക്കാക്കപ്പെടുന്ന വസ്ത്രധാരണവും നിരോധിച്ചിരിക്കുന്നു. സാംസ്കാരിക മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതിനും പൊതു മാന്യത നിലനിർത്തുന്നതിനും ഉദ്ദേശിച്ചുള്ളതാണ് ഈ മാർഗ്ഗനിർദ്ദേശങ്ങളെന്ന് അധികൃതർ കൂട്ടിച്ചേർത്തു.