റിയാദ്: റിയാദിൽ അഞ്ചു വർഷത്തേക്കു വാടക വർധിപ്പിക്കുന്നതിന് വിലക്ക്. ശരാശരി 40 ശതമാനം വരെ വാടക വർധിപ്പിച്ചതിനെതിരെ വ്യാപക പരാതി ഉയർന്ന സാഹചര്യത്തിലാണ് ഇതുസംബന്ധിച്ച നടപടി സ്വീകരിച്ചത്. മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികൾക്ക് ഈ തീരുമാനം ഏറെ പ്രയോജനപ്രദമാകും.
കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാന്റെ നിർദേശത്തിന് മന്ത്രിസഭ അംഗീകാരം നൽകി. റിയാദിന്റെ പരിധിയിലുള്ള പുതിയതും നിലവിലുള്ളതുമായി കെട്ടിടങ്ങൾക്ക് നിയമം ബാധകമാണ്. കൗൺസിൽ ഓഫ് ഇക്കണോമിക് ആൻഡ് ഡവലപ്‌മെന്റ് അഫയേഴ്‌സിന്റെ അംഗീകാരത്തോടെ ആവശ്യമെങ്കിൽ നിയമം മറ്റു നഗരങ്ങളിലേക്കും ഗവർണറേറ്റുകളിലേക്കും വ്യാപിപ്പിക്കാൻ റിയൽ എസ്റ്റേറ്റ് ജനറൽ അതോറിറ്റിക്ക് അനുമതി നൽകി. ഒഴിഞ്ഞുകിടക്കുന്ന കെട്ടിടങ്ങളുടെ വാടക നിശ്ചയിക്കുമ്പോൾ പ്രദേശത്തെ ശരാശരിയെക്കാൾ കൂടാൻ പാടില്ല. പുതിയ കെട്ടിടങ്ങളുടെ വാടക കെട്ടിട ഉടമയും വാടകക്കാരും ചേർന്ന് തീരുമാനിക്കണം. എല്ലാ വാടകക്കരാറുകളും ഇജാർ പ്ലാറ്റ്‌ഫോമിൽ രജിസ്റ്റർ ചെയ്യണം. പരാതിയുള്ളവർ 60 ദിവസത്തിനകം സമർപ്പിക്കണം. അല്ലാത്തപക്ഷം കരാർ സാധുവായി കണക്കാക്കും. കരാർ കാലാവധി അവസാനിക്കുന്നതിന് 60 ദിവസം മുൻപെങ്കിലും അറിയിച്ചില്ലെങ്കിൽ വാടക കരാർ സ്വമേധയാ പുതുക്കും. വാടകക്കാരൻ തുടരാൻ താൽപര്യം പ്രകടിപ്പിച്ചാൽ കെട്ടിട ഉടമ നിരസിക്കരുതെന്നും നിബന്ധനയുണ്ട്. എന്നാൽ വാടക നൽകാതിരിക്കുക, സുരക്ഷാപ്രശ്‌നമുണ്ടാവുക, മറ്റൊരാൾക്ക് താമസത്തിനു നൽകുക എന്നീ സന്ദർഭങ്ങളിൽ കരാർ റദ്ദാക്കാൻ കെട്ടിട ഉടമയ്ക്ക് അധികാരമുണ്ട്.