റിയാദ്: രാജ്യത്ത് ഗാർഹിക തൊഴിലാളികളുടെ ശമ്പളം ഇലക്ട്രോണിക് പ്ലാറ്റ്ഫോമിലൂടെ കൈമാറുന്നതിനുള്ള നാലാം ഘട്ടം സൗദിയിൽ ആരംഭിച്ചു. അംഗീകൃത ഔദ്യോഗിക ഓൺലൈൻ പ്ലാറ്റ്ഫോമുകളിലൂടെ പ്രതിമാസ ശമ്പളം നൽകുന്നതിനുള്ള പദ്ധതിയുടെ നാലാം ഘട്ടം ആരംഭിച്ചതായി മാനവ വിഭവശേഷി സാമൂഹിക മന്ത്രാലയം അറിയിച്ചു.
ഗാർഹിക തൊഴിലാളികളുടെ ശമ്പളവുമായി ബന്ധപ്പെട്ട അവകാശങ്ങൾ ഉറപ്പുനൽകുന്നതിനും തൊഴിലുടമകളും തൊഴിലാളികളും തമ്മിലുള്ള കരാർ ബന്ധത്തിൽ സുതാര്യത വർധിപ്പിക്കുന്നതിനും ലക്ഷ്യമിട്ടാണ് ഈ നടപടി സ്വീകരിച്ചത്. രണ്ടോ അതിലധികമോ വീട്ടു ജോലിക്കാരുള്ള തൊഴിലുടമകളെ നാലാം ഘട്ടത്തിൽ ഉൾപ്പെടുത്തും.എല്ലാ ഇതര ഗാർഹിക സഹായ പണിയെടുക്കുന്ന തൊഴിലാളികൾക്ക് വേണ്ടിയും സേവനം പൂർണ്ണമായും വ്യാപിപ്പിക്കുക എന്ന ലക്ഷ്യമാണ് പദ്ധതിയ്ക്ക് പിന്നിലുള്ളത്. ‘മുസാനെദ്’ പ്ലാറ്റ്ഫോം വഴിയുള്ള ഇലക്ട്രോണിക് ശമ്പള കൈമാറ്റ സേവനത്തിലൂടെ വേതന പേയ്മെന്റ് പ്രക്രിയകളുടെ വിശ്വാസ്യത വർധിപ്പിക്കുന്നതിനുള്ള ഒരു നിർണായക ചുവടുവയ്പ്പാണെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി.
ഡിജിറ്റൽ വാലറ്റുകൾ, പദ്ധതിയിൽ പങ്കാളിത്തമുള്ള ബാങ്കുകൾ തുടങ്ങിയ ഔദ്യോഗിക ചാനലുകൾ സ്വീകരിക്കുന്നതിലൂടെയും, അവകാശങ്ങളുടെ സംരക്ഷണം ഉറപ്പാക്കുന്നതിലൂടെയും, എല്ലാ കക്ഷികൾക്കും നടപടിക്രമങ്ങൾ സുഗമമാക്കുന്നതിലൂടെയും ഇത് കൈവരിക്കാനാകും. തൊഴിലാളികളുടെ ശമ്പളം പതിവായി നൽകുന്നത് രേഖപ്പെടുത്തുക, കരാർ ബന്ധം അവസാനിപ്പിക്കുമ്പോഴോ തൊഴിലാളിയുടെ യാത്രയിലോ നിയന്ത്രണ കരുതൽ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ സഹായിക്കുക, ഔദ്യോഗിക മാർഗങ്ങളിലൂടെ അവരുടെ മാതൃരാജ്യങ്ങളിലെ തൊഴിലാളി കുടുംബങ്ങൾക്ക് എളുപ്പത്തിലും സുരക്ഷിതമായും ശമ്പളം കൈമാറാൻ പ്രാപ്തമാക്കുക തുടങ്ങിയ ലക്ഷ്യങ്ങളും പദ്ധതിയ്ക്ക് പിന്നിലുണ്ട്.