റിയാദ്: പ്രവാസികൾ ഉൾപ്പെടെയുള്ള യാത്രക്കാർക്ക് ഇതാ ഒരു സന്തോഷ വാർത്ത. വിമാന യാത്രകളിൽ ഒരു റിയാലിന് പത്ത് കിലോ അധിക ലഗേജ് സേവനം ഒരുക്കിയിരിക്കുകയാണ് എയർ ഇന്ത്യ എക്സ്പ്രസ്. സൗദിയിൽ നിന്നുള്ള എല്ലാ സർവീസുകൾക്കും ആനുകൂല്യം ലഭിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. നിലവിലെ മുപ്പത് കിലോക്ക് പുറമേയാണ് 10 കിലോ അധികമായി ലഭിക്കുന്നത്. ഇതോടെ ഹാൻഡ് ബാഗ് ഉൾപ്പെടെ 47 കിലോ വരെ ഒരാൾക്ക് യാത്രയിൽ കൊണ്ട് പോകാൻ സാധിക്കും.
ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ തന്നെ ഒരു റിയാൽ അധികം നൽകി സേവനം ഉപയോഗപ്പെടുത്തണം. അല്ലാത്ത പക്ഷം ഈ സേവനം ലഭിക്കില്ല. ഒക്ടോബർ 31 വരെയുള്ള ബുക്കിംഗുകൾക്കും നവംബർ 30 വരെയുള്ള യാത്രകൾക്കുമാണ് ആനുകൂല്യം ലഭിക്കുകയെന്നും അധികൃതർ വിശദീകരിച്ചു. ഓഫ് സീസണിൽ കൂടുതൽ ബുക്കിംഗുകൾ ലക്ഷ്യത്തോടെയാണ് എയർഇന്ത്യ എക്സ്പ്രസിന്റെ പുതിയ നടപടി.