റിയാദ്: സൗദിയുടെ മിക്ക പ്രദേശങ്ങളിലും മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി സൗദി അറേബ്യ. സൗദിയുടെ മിക്ക പ്രദേശങ്ങളിലും തിങ്കളാഴ്ച്ച വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് സിവിൽ ഡിഫൻസ് ഡയറക്ടറേറ്റ് അറിയിച്ചു. പൊതുജനങ്ങൾക്ക് അധികൃതർ ജാഗ്രതാ നിർദ്ദേശവും നൽകി.
പെട്ടെന്നുള്ള വെള്ളപ്പൊക്കത്തിന് സാധ്യതയുള്ള താഴ്വരകളിലും അരുവികളിലും നിന്ന് പൊതുജനങ്ങൾ വിട്ടുനിൽക്കേണ്ടതാണ്. വെള്ളക്കെട്ടുകളിൽ നീന്തുന്നതും ഒഴിവാക്കണം. മക്ക മേഖലയിൽ മിതമായതോ കനത്തതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം. ആലിപ്പഴ വീഴ്ച്ച, പ്രളയം, പൊടിക്കാറ്റ് എന്നിവയുണ്ടാകാനുമിടയുണ്ട്.
പൊതുജനങ്ങൾ കാലാവസ്ഥാ മുന്നറിയിപ്പുകൾ പാലിക്കണമെന്നും സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും അധികൃതർ കൂട്ടിച്ചേർത്തു








