റിയാദ്: സൗദിയിൽ മൂന്ന് പ്രധാന സാങ്കേതിക നയങ്ങൾ കിരീടാവകാശി ഉടൻ പ്രഖ്യാപിക്കും. സൗദി വാർത്താവിനിമയ മന്ത്രി അബ്ദുള്ള അൽ സവാഹാണ് ഇക്കാര്യം അറിയിച്ചത്. സ്വിറ്റ്സർലൻഡിലെ ദാവോസിൽ നടക്കുന്ന സാമ്പത്തിക ഫോറത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉൾപ്പെടെയുള്ള അത്യാധുനിക സാങ്കേതിക മേഖലകളിൽ ലോകത്തെ മുൻനിര ശക്തിയാകാനാണ് മൂന്ന് പ്രധാന സാങ്കേതിക നയങ്ങൾ സൗദി കിരീടാവകാശി പ്രഖ്യാപിക്കുന്നത്.
എഐ പരിശീലന രംഗത്ത് ലോകത്തെ ആദ്യ അഞ്ച് ഹബ്ബുകളിൽ ഒന്നായി സൗദിയെ മാറ്റുക എന്നതാണ് ഇതിൽ പ്രധാനമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കഴിഞ്ഞ ഒൻപത് വർഷത്തിനിടെ രാജ്യത്തെ ഡിജിറ്റൽ സമ്പദ് വ്യവസ്ഥ 75 ബില്യൺ റിയാലിൽ നിന്ന് 135 ബില്യൺ റിയാലായി കുതിച്ചുയർന്നതായും, നിലവിൽ യൂറോപ്പിലെ അഞ്ചാമത്തെ വലിയ ടെക് വർക്ക്‌ഫോഴ്‌സിന് തുല്യമായ തൊഴിൽ ശക്തി സൗദിയിലുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.









