റിയാദ്: റിയാദിനെയും ജിദ്ദയെയും ബന്ധിപ്പിച്ച് പുതിയ റെയിൽവേ പാത വരുന്നു. വിഷൻ 2030 ന്റെ ഭാഗമായാണ് പദ്ധതി നടപ്പിലാക്കുന്നത്. 2034ൽ ഈ റെയിൽ പാത പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇതോടെ 950 കിലോമീറ്റർ അകലെയുള്ള ഇരു നഗരങ്ങൾക്കുമിടയിലെ യാത്രാ ദൈർഘ്യം ട്രെയിനിൽ 4 മണിക്കൂറായി കുറയും. നിലവിൽ റോഡ് മാർഗമുള്ള യാത്രയ്ക്ക് 9 മുതൽ 12 മണിക്കൂർ വരെയും വിമാന മാർഗമാണെങ്കിൽ ഒന്നേമുക്കാൽ മണിക്കൂറുമാണ് യാത്രാ സമയം.
നിലവിൽ ഈ റൂട്ടിൽ നേരിട്ടുള്ള ട്രെയിൻ സർവീസില്ല. കിഴക്കു പടിഞ്ഞാറ് ഇടനാഴിയായി വിഭാവനം ചെയ്യുന്ന റിയാദ്-ജിദ്ദ റെയിൽവേയിൽ (സൗദി ലാൻഡ്ബ്രിഡ്ജ്) യാത്രാ, ചരക്കു സേവനങ്ങളുണ്ടാകും. 10,000 കോടി റിയാൽ ചെലവിലാണ് പാതയുടെ നിർമ്മാണമെന്ന് സൗദി റെയിൽവേ കമ്പനി സിഇഒ ബഷാർ അൽ മാലിക് വ്യക്തമാക്കി.









