റിയാദ്: കിഴക്കൻ പ്രവിശ്യയിലെ ഷൈബ എണ്ണപ്പാടത്തുള്ള സൗദി അരാംകോ കേന്ദ്രത്തിന് നേരെ ബുധനാഴ്ച രാവിലെയുണ്ടായ ഡ്രോൺ ആക്രമണത്തിൽ രണ്ട് പ്രവാസികൾ മരിച്ചു. രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തുവെന്ന് ഊർജ്ജ മന്ത്രാലയം അറിയിച്ചു. ഫിലിപ്പിനോ പൗരനും നേപ്പാൾ സ്വദേശിയുമാണ് മരിച്ചത്. ഇന്ത്യക്കാരനും പാകിസ്ഥാൻ സ്വദേശിയ്ക്കുമാണ് പരിക്കേറ്റത്.
എണ്ണപ്പാടത്തിലെ സംസ്കരണ സൗകര്യങ്ങളിലൊന്നിലേക്ക് ആക്രമണം നടത്താൻ ശ്രമിച്ച ഡ്രോൺ സൗദി വ്യോമ പ്രതിരോധ സേന തടഞ്ഞതായി മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കി.
ബന്ധപ്പെട്ട അധികാരികൾ സംഭവത്തിൽ ഉടനടി പ്രതികരിക്കുകയും ആവശ്യമായ നടപടികൾ സ്വീകരിക്കുകയും ചെയ്തു. മരിച്ചവരുടെ കുടുംബങ്ങൾക്ക് അനുശോചനം അറിയിക്കുന്നതായും പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നതായും അധികൃതർ കൂട്ടിച്ചേർത്തു.








