റമദാനിന്റെ 27-ാം രാവില്‍ ഇരുഹറമുകളിലേക്കും ഒഴുകിയെത്തിയത് ലക്ഷങ്ങള്‍. തറാവീഹ്, തഹജ്ജുദ് നിസ്കാരങ്ങളും മനമുരുകിയുള്ള പ്രാര്‍ഥനയും ലക്ഷ്യം വെച്ചാണ് വിശ്വാസികള്‍ ഹറമുകളിലേക്ക് പ്രവഹിച്ചെത്തിയത്. മക്കയില്‍ മസ്ജിദുല്‍ ഹറമിലും മദീനയിലെ മസ്ജിദുന്നബവിയിലും പരമാവധി സൗകര്യങ്ങള്‍ ഹറം കാര്യവകുപ്പ് ഒരുക്കിയിരുന്നു. മസ്ജിദിന്റെ എല്ലാ നിലകളും മുറ്റവും സമീപത്തെ റോഡുകളും ഇശാ നിസ്കാരത്തിന് മുമ്പ് തന്നെ നിറഞ്ഞുകവിഞ്ഞു. തുടര്‍ന്ന് ഹറം സുരക്ഷാ വിഭാഗം ബാക്കിയുള്ളവരോട് മക്കയിലെ മറ്റുപള്ളികളില്‍ നിസ്കരിക്കാന്‍ അഭ്യര്‍ഥിക്കുകയായിരുന്നു.
ഇഫ്താറിന് എട്ട് ലക്ഷം ലിറ്റര്‍ സംസം വെള്ളമാണ് വിതരണം ചെയ്തത്. 300 ടണ്‍ മാലിന്യങ്ങള്‍ നീക്കം ചെയ്യുകയും ചെയ്തു. തറാവീഹിന്റെ ആദ്യ പാദത്തില്‍ ശൈഖ് ഡോ. മാഹിര്‍ ബിന്‍ അഹമ്മദ് അല്മുഐഖലിയും വിതര് അടക്കമുള്ള രണ്ടാം പാദത്തില്‍ ഡോ. അബ്ദുറഹ്മാന് അല്‍സുദൈസും നേതൃത്വം നല്കി.