ജിദ്ദ – സൗദി ടെലികോം ഗ്രൂപ്പ് 5-ജി നെറ്റ്‌വർക്കിന്റെ ഏറ്റവും വലിയ വിപുലീകരണത്തിന് തുടക്കമിട്ടു. സൗദിയിലെ 75 ലേറെ നഗരങ്ങളിലും ചെറുനഗരങ്ങളിലും 5-ജി നെറ്റ്‌വർക്ക് എത്തിക്കാൻ ലക്ഷ്യമിട്ടുള്ള വിപുലീകരണ പദ്ധതിക്ക് എസ്.ടി.സി ഗ്രൂപ്പ് ഭീമമായ നിക്ഷേപമാണ് നടത്തുന്നത്.
രാജ്യത്തെ പ്രധാന നഗരങ്ങളിലെ 90 ശതമാനത്തിലേറെ സ്ഥലങ്ങളിലും അഞ്ചാം തലമുറ ശൃംഖല സാങ്കേതികവിദ്യ എത്തിക്കുന്നതിൽ കമ്പനി വിജയിച്ചിട്ടുണ്ട്. ഇതിന്റെ തുടർച്ചയായാണ് രാജ്യത്തെ 75 നഗരങ്ങളിലേക്കു കൂടി കമ്പനി 5-ജി നെറ്റ്‌വർക്ക് എത്തിക്കുന്നത്.
2019 ൽ അഞ്ചു പ്രധാന നഗരങ്ങളിലെ 35 ശതമാനത്തിലേറെ നിവാസികൾക്ക് എസ്.ടി.സി 5-ജി സേവനം ലഭ്യമാക്കിയിരുന്നു. റിയാദ്, ജിദ്ദ, മക്ക, മദീന, ദമാം നഗരങ്ങളിലാണ് കമ്പനി ആദ്യമായി 5-ജി സേവനം ലഭ്യമാക്കിയത്. തൊട്ടടുത്ത വർഷം രാജ്യത്തെങ്ങുമായി 75 നഗരങ്ങളിലേക്കു കൂടി 5-ജി സേവനം വ്യാപിപ്പിച്ചു. പിന്നീടുള്ള വർഷങ്ങളിലും 5-ജി സേവനം കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കുന്നത് തുടർന്നു. കഴിഞ്ഞ വർഷാവസാനത്തോടെ പ്രധാന നഗരങ്ങളിലെ 90 ശതമാനത്തിലേറെ സ്ഥലങ്ങളിലും 5-ജി സേവനം ലഭ്യമാക്കാൻ എസ്.ടി.സി ഗ്രൂപ്പിന് സാധിച്ചു. അഞ്ചു പ്രധാന നഗരങ്ങളിലെ മുഴുവൻ ടവറുകളിലും നൂതന അഞ്ചാം തലമുറ നെറ്റ്‌വർക്ക് വിപുലീകരിക്കുന്നതിന് വലിയ നിക്ഷേപം നടത്തി ഈ വർഷം എസ്.ടി.സി ഗ്രൂപ്പ് അതിന്റെ ചരിത്രത്തിലെ ഏറ്റവും വലുതും അഭൂതപൂർവവുമായ വിപുലീകരണ പ്രക്രിയയിലൂടെ ഒരു പുതിയ ഉയരത്തിലെത്താൻ തീരുമാനിക്കുകയായിരുന്നു.