റിയാദ്: അമ്പത് എയർബസ് വിമാനങ്ങൾക്ക് കൂടി ഓർഡർ നൽകി സൗദിയിലെ പുതിയ വിമാന കമ്പനിയായ റിയാദ് എയർ. പാരീസിൽ നടന്ന 55 -ാമത് പാരിസ് എയർ ഷോയിൽ ആണ് ഇതുസംബന്ധിച്ച കരാർ ഒപ്പുവച്ചത്. ഇതോടെ റിയാദ് എയറിന്റെ മൊത്തം വിമാന ഓർഡർ 182 ആയി ഉയർന്നു.
A350-1000 മോഡൽ വിമാനങ്ങൾക്കാണ് കരാർ. 16,000 കിലോമീറ്ററിലധികം ഓപ്പറേറ്റിങ് പരിധിയുള്ള വിമാനങ്ങളാണിവ. അതിദീർഘ വിമാന സർവീസുകൾ നൽകുകയാണ് ലക്ഷ്യം. ഈ വർഷം അവസാനത്തോടെയായിരിക്കും റിയാദ് എയർ സേവനം ആരംഭിക്കുക. ഇതിനായുള്ള അന്തിമ ഘട്ട പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.
125 ലക്ഷ്യസ്ഥാനങ്ങളിലേക്ക് സേവനം നൽകാനാണ് റിയാദ് എയർ പദ്ധതിയിടുന്നത്.
വാണിജ്യാടിസ്ഥാനത്തിലുള്ള വിമാന സർവീസുകൾ നടത്താനുള്ള എയർ ഓപ്പറേറ്റർ സർട്ടിഫിക്കറ്റ് റിയാദ് എയർ നേരത്തെ തന്നെ നേടിയിട്ടുണ്ട്.