റിയാദ്: സൗദിയിൽ ഇന്ത്യൻ പ്രവാസി വനിത മൂന്ന് മക്കളെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്യാൻ ശ്രമിച്ചു. അൽകോബാർ ശിമാലിയയിലെ താമസസ്ഥലത്ത് ആണ് ഇന്ത്യൻ പ്രവാസി വനിത കുട്ടികളെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ചത്. തെലങ്കാന ഹൈദരാബാദ് സ്വദേശിനി സൈദ ഹുമൈറാ അംറീനാണ് ആത്മഹത്യക്ക് ശ്രമിച്ചത്. കുട്ടികളായ മുഹമ്മദ് യൂസുഫ് അഹമ്മദ്, മുഹമ്മദ് സാദിഖ് അഹമ്മദ്, മുഹമ്മദ് ആദില്‍ അഹമ്മദ് എന്നിവരെയാണ് കൊലപ്പെടുത്തിയത്. ബാത്ത് ടബ്ബിൽ വെള്ളം നിറച്ച് കുട്ടികളെ മുക്കി കൊലപ്പെടുത്തുകയായിരുന്നു.
ആറ് മാസങ്ങൾക്ക് മുമ്പ് കുടുംബ സന്ദർശന വിസയിലാണ് യുവതിയും മക്കളും സൗദിയിൽ എത്തുന്നത്. കുടുംബ പ്രശ്നങ്ങളെ തുടർന്നാണ് മക്കളെ കൊലപ്പെടുത്തി യുവതി ആത്മഹത്യക്ക് ശ്രമിച്ചത്. എന്നാൽ, ഇവർക്ക് മാനസിക പ്രശ്നം ഉള്ളതായി ആണ് ഭർത്താവ് മുഹമ്മദ് ഷാനവാസ് പറയുന്നത്. സൗദി റെഡ് ക്രസന്റ് സംഭവസ്ഥലത്ത് എത്തി മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി. യുവതിയെ പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്.