റിയാദ്: സൗദി ദേശീയ ദിനത്തിന്റെ ഭാഗമായി രാജ്യത്തെ വിവിധ സ്ഥാപനങ്ങളിൽ തുടരുന്ന ഡിസ്‌കൗണ്ട് വിൽപ്പന നിരീക്ഷിക്കുന്നതായി കർശന പരിശോധന തുടർന്ന് വാണിജ്യ മന്ത്രാലയം. ഡിസ്‌കൗണ്ട് നൽകുന്ന സ്ഥാപങ്ങൾ മന്ത്രാലയം നിർദേശിച്ച മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കണമെന്നാണ് അധികൃതർ നൽകുന്ന നിർദ്ദേശം.
ഇത് പാലിക്കാത്തവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നാണ് മുന്നറിയിപ്പ്. 6300 സ്ഥാപനങ്ങളിലാണ് അധികൃതർ പരിശോധന നടത്തിയത്. ലൈസൻസിലുള്ള യഥാർത്ഥ കിഴിവുകളും ഓഫറുകളും, കിഴിവ് നിരക്കുകൾ, വില ടാഗുകൾ, അല്ലെങ്കിൽ ഡിസ്‌കൗണ്ടിന് മുൻപും ശേഷവുമുള്ള വില ഉൾപ്പെടെയുള്ള ഇലക്ട്രോണിക് പ്രൈസ് റീഡറുകൾ, എക്‌സ്‌ചേഞ്ച്, റിട്ടേൺ നയം എന്നിവ പാലിക്കുന്നുണ്ടെന്ന് സംഘം പരിശോധിച്ച് ഉറപ്പു വരുത്തി.
സെപ്റ്റംബർ 30 വരെയാണ് ദേശീയ ദിന ഡിസ്‌കൗണ്ട് സ്ഥാപനങ്ങൾക്ക് നൽകാനാവുക. രാജ്യത്ത് വാണിജ്യ സ്ഥാപനങ്ങളിലും ഇ-സ്റ്റോറുകളിലും ദേശീയ ദിന ഓഫറുകൾക്ക് ലൈസൻസ് നിർബന്ധമാണ്. ഇവ സ്ഥാപങ്ങളിൽ പ്രദർശിപ്പിക്കണം. വിലകിഴിവുള്ള സാധനങ്ങളുടെ വില ഉപഭോക്താവിന് വ്യക്തമാവണം. ഡിസ്‌കൗണ്ടിന് മുമ്പുള്ള വിലയും പ്രദർശിപ്പിക്കണം, വിലക്കിഴിവിൽ, തെറ്റിദ്ധരിപ്പിക്കാനോ കൃത്രിമത്വം കാണിക്കാനോ പാടില്ല. ഓഫർ കാലയളവിൽ ഉപഭോക്താവി്ന് വാങ്ങിയ സാധനം മാറ്റിയെടുക്കുന്നതിനോ, തിരിച്ചു നൽകുന്നതിനോ ഉള്ള മാനദണ്ഡങ്ങൾ എന്താണെന്ന് വ്യക്തമാക്കണം.