റിയാദ്: പ്രതിരോധ രംഗത്തെ ഹെലികോപ്റ്ററുകൾക്കുള്ള സ്പെയർപാർട്സുകളും അനുബന്ധ ഉപകരണങ്ങളും സൗദിക്ക് നൽകാൻ അനുമതി നൽകി യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ്. സൗദി കിരീടാവകാശിയുടെ വാഷിങ്ടൺ സന്ദർശനത്തിന് പിന്നാലെയാണ് തീരുമാനം. അതേസമയം, ലോകത്തിലെ ഏറ്റവും മികച്ച യുദ്ധ വിമാനമായ എഫ് 35 സൗദിക്ക് നൽകാനും നേരത്തെ ധാരണയായിരുന്നു.
നൂറ് കോടി ഡോളർ മൂല്യം വരുന്ന കരാറിനാണ് ധാരണയായത്. അമേരിക്കൻ പ്രതിരോധ വകുപ്പായ പെന്റഗണാണ് ഇക്കാര്യം അറിയിച്ചത്. പൈലറ്റ് പരിശീലനം, സിമുലേഷൻ, ഓപ്പറേഷൻസ് ട്രെയിനിംഗ്, സുരക്ഷാ പ്രോട്ടോകോൾ പരിശീലനം തുടങ്ങിയ പരിശീലനവും നൽകും. യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് അനുമതി നൽകിയാലും യുഎസ് കോൺഗ്രസിന്റെ അനുമതി ഇതിൽ ആവശ്യമാണ്. ഇതിനായി പാക്കേജ് പ്ലാൻ കോൺഗ്രസിലേക്ക് ചർച്ചക്കായി അയച്ചിട്ടുണ്ട്. മുപ്പത് ദിവസത്തിനകം കരാർ വേണമോ വേണ്ടയോ എന്ന് കോൺഗ്രസിന് തീരുമാനിക്കാം.







