റിയാദ്: റമദാൻ മാസത്തോടനുബന്ധിച്ച് രാജ്യത്തെ പള്ളികൾ പാലിക്കേണ്ട കാര്യങ്ങളെ കുറിച്ചുള്ള മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ച് സൗദി അറേബ്യ. ഇസ്ലാമിക കാര്യ മന്ത്രാലയമാണ് സംബന്ധിച്ച മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചത്. പള്ളികളിലെ നമസ്കാര ദൃശ്യങ്ങൾ ഒരുതരത്തിലുള്ള മാധ്യമങ്ങൾ വഴിയും തൽസമയം സംരക്ഷണം ചെയ്യാൻ പാടില്ലെന്ന് മാർഗ നിർദ്ദേശത്തിൽ വ്യക്തമാക്കുന്നു. നമസ്കാര വേളയിൽ ഇമാമിനെയോ വിശ്വാസികളെയോ ക്യാമറയിൽ ചിത്രീകരിക്കുന്നത് ഒഴിവാക്കണമെന്നും പള്ളികളിൽ ക്യാമറകൾ സ്ഥാപിക്കുന്നതിന് നിലവിലുള്ള ചട്ടങ്ങൾ കൃത്യമായി പാലിക്കണമെന്നും മാർഗനിർദേശത്തിൽ പറയുന്നു.
നമസ്കാരം ഏതെങ്കിലും വിധത്തിലുള്ള മീഡിയ പ്ലാറ്റ്ഫോമുകൾ വഴി സംരക്ഷണം ചെയ്യുന്നതിന് കർശന നിരോധനം ഏർപ്പെടുത്തി. വിശ്വാസികൾക്ക് സൗകര്യപ്രദമായ രീതിയിൽ തറാവീഹ് നമസ്കാരം ക്രമീകരിക്കണം. ഉമ്മുൽ ഖുറാ കലണ്ടർ പ്രകാരമുള്ള സമയക്രമം കൃത്യമായി പാലിക്കേണ്ടതാണ്. ഇശാ, ഫജ്ർ നമസ്കാരങ്ങളിൽ ബാങ്കിനും ഇഖാമത്തിനും ഇടയിലുള്ള സമയം 15 മിനിറ്റ് ആയി നിജപ്പെടുത്തി. പള്ളികളിൽ ഇഫ്താർ പരിപാടികൾക്കായി സാമ്പത്തികമായ സംഭാവനകൾ ശേഖരിക്കുന്നതും നിരോധിച്ചു.
ഇമാമിന്റെയോ മുഅദ്ദിന്റെയോ മേൽനോട്ടങ്ങളിൽ പള്ളിമുറ്റങ്ങളിൽ നിശ്ചയിച്ച സ്ഥലങ്ങളിൽ ഇഫ്താർ സംഘടിപ്പിക്കാം. വിരുന്നിനു ശേഷം ഈ സ്ഥലങ്ങൾ ഉടനടി വൃത്തിയാക്കേണ്ടതാണ്. കുപ്പിവെള്ള സംഭാവനകൾ ആവശ്യത്തിനുമാത്രം സ്വീകരിക്കുകയും വെയർ ഹൗസുകളിൽ കുന്നുകൂടി കിടക്കുന്നത് ഒഴിവാക്കുകയും ചെയ്യേണ്ടതാണ്. ഇമാമുമാരും മുഅദ്ദിനുകളും കൃത്യനിഷ്ഠത പാലിക്കണം. അത്യാവശ്യ സന്ദർഭങ്ങളിൽ അല്ലാതെ ജോലികളിൽ നിന്നും വിട്ടുനിൽക്കാൻ പാടില്ലെന്നും നിർദ്ദേശമുണ്ട്. ഔദ്യോഗിക അനുമതിയോടെ വിട്ടുനിൽക്കേണ്ടി വന്നാൽ പകരം ചുമതല വഹിക്കുന്നവർ രേഖാമൂലം ഉറപ്പ് നൽകേണ്ടതുണ്ട്. ഖുനൂത്ത് പ്രാർത്ഥനകൾ ലളിതവും ദീർഘിപ്പിക്കാത്തതും ആകണം. പ്രവാചകചര്യക്കനുസരിച്ചുള്ള ആധികാരിക പ്രാർത്ഥനകളിൽ ശ്രദ്ധകേന്ദ്രീകരിക്കേണ്ടതാണ്. ഏകാന്തവാസം ഇരിക്കുന്നവരുടെ വിവരങ്ങൾ പരിശോധിക്കുകയും വേണം. പള്ളി പരിസരങ്ങളിൽ യാചന തടയണം. നിയമലംഘനം ശ്രദ്ധയിൽപ്പെട്ടാൽ സുരക്ഷാധികാരികളെ വിവരം അറിയിക്കേണ്ടതാണ്. സകാത്തും ദാനധർമ്മങ്ങളും അർഹരായവരിലേക്ക് എത്തുന്നുണ്ടെന്ന് ഉറപ്പാക്കണം. പള്ളികളും സ്ത്രീകളുടെ നമസ്കാര സ്ഥലങ്ങളും വൃത്തിയായി സൂക്ഷിക്കുന്നുണ്ടെന്ന് അറ്റകുറ്റപ്പണി സംഘങ്ങൾ ഉറപ്പാക്കണമെന്നും മാർഗ നിർദ്ദേശത്തിൽ വിശദമാക്കുന്നുണ്ട്.







