റിയാദ്: വേൾഡ് മാരത്തൺ മേജേഴ്സിൽ അഭിമാന നേട്ടവുമായി സൗദി വനിത. സൗദി അറേബ്യയ്ക്കും ഗൾഫ് മേഖലയ്ക്കും അഭിമാനമായി മാറിയിരിക്കുകയാണ് അശ്വാഖ് അൽസൈരി എന്ന സൗദി സ്വദേശിനി. കഴിഞ്ഞ വർഷം ബോസ്റ്റൺ, ലണ്ടൻ, ബെർലിൻ, ന്യൂയോർക്ക്, ടോക്കിയോ, സിഡ്നി, ചിക്കാഗോ എന്നീ ഏഴ് വേൾഡ് മാരത്തൺ മേജറുകളും പൂർത്തിയാക്കിയ സൗദി അറേബ്യയിൽ നിന്നും ജിസിസിയിൽ നിന്നുമുള്ള ആദ്യ വനിതയാണ് അൽസൈരി.
ആറ് സഹോദരങ്ങളുള്ള ഒരു വലിയ കുടുംബത്തിൽ വളർന്ന അൽസൈരിയ്ക്ക് തന്റെ കുടുംബാംഗങ്ങളിൽ നിന്നും മികച്ച പിന്തുണയാണ് ലഭിക്കുന്നത്. ലോകമെമ്പാടുമുള്ള ഐക്കണിക് മാരത്തണുകളിൽ പങ്കെടുക്കുന്നതിന് മുമ്പ് അൽസൈരി സൗദി അറേബ്യയിൽ തന്റെ പരിശീലകന്റെ കീഴിൽ കർശനമായ പരിശീലനം നേടിയിരുന്നു. ഏഴ് ലോക മാരത്തൺ മേജറുകളും പൂർത്തിയാക്കിയത് മെഡലിനേക്കാൾ വലുതാണെന്ന് അൽസൈരി പറഞ്ഞു. സൗദിയിലും ജിസിസിയിലും ആദ്യമായി ഈ നേട്ടം കൈവരിക്കുന്ന വനിതയാകുക എന്നതല്ല, മറിച്ച് നമ്മുടെ മേഖലയിലെ സ്ത്രീകൾക്ക് സാധ്യമായത് എന്താണെന്ന് തെളിയിക്കുക എന്നതായിരുന്നു തന്റെ ലക്ഷ്യമെന്നും ഇവർ ചൂണ്ടിക്കാട്ടി.
സൗദിയിൽ നിന്നും അറബ് മേഖലയിൽ നിന്നുമുള്ള ഒരു സ്ത്രീ എന്ന നിലയിൽ, താൻ എടുക്കുന്ന ഓരോ ചുവടുവയ്പ്പും വ്യക്തിപരമായ നേട്ടത്തേക്കാൾ കൂടുതലാണെന്നും അത് ഒരു കൂട്ടായ മാറ്റത്തിന്റെ ഭാഗമാണെന്നും ഇവർ കൂട്ടിച്ചേർത്തു. ഒളിമ്പിക്സ് എപ്പോഴും തനിക്ക് ഒരു സ്വപ്നമായിരിക്കും, പക്ഷേ നമ്മുടെ മേഖലയിലെ സ്ത്രീകളെ സ്വാധീനിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യുന്നത് അതിലും പ്രധാനമാണെന്നും അൽസൈരി അഭിപ്രായപ്പെട്ടു.







