റിയാദ്: പ്രീമിയം റെസിഡൻസി പദ്ധതി കൂടുതൽ വിപുലീകരിക്കാനൊരുങ്ങി സൗദി. അതിസമ്പന്നരെയും ഉന്നത വിദ്യാഭ്യാസ യോഗ്യതയുള്ളവരെയുമാണ് പുതിയ പരിഷ്കരണത്തിലൂടെ സൗദി പ്രധാനമായും ലക്ഷ്യമിടുന്നത്. 3 കോടി ഡോളർ വരെ ആസ്തിയുള്ള വ്യക്തികൾ, ആഡംബര യാച്ചുകളുടെ ഉടമകൾ, മികച്ച വിജയം കൈവരിച്ച വിദ്യാർത്ഥികൾ, സംരംഭകർ എന്നിവർക്ക് പദ്ധതിയുടെ ആനുകൂല്യം എളുപ്പത്തിൽ ലഭ്യമാക്കുന്ന തരത്തിലാണ് മാറ്റങ്ങൾ. പരിഷ്കരിച്ച നിയമങ്ങൾ ഈ വർഷം ഏപ്രിലോട് കൂടി പ്രാബല്യത്തിൽ വരുമെന്ന റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്.
നിലവിൽ ലിമിറ്റഡ്, അൺലിമിറ്റഡ് വിഭാഗങ്ങളിലായാണ് പ്രീമിയം റെസിഡൻസി നൽകുന്നത്. വിദേശികൾക്ക് സ്പോൺസറുടെ സഹായമില്ലാതെ തന്നെ സൗദിയിൽ താമസിക്കാനും ജോലി ചെയ്യാനും നിക്ഷേപങ്ങൾ നടത്താനും അവസരം നൽകുന്നതാണ് പ്രീമിയം റസിഡൻസി. ഭൂമിയും കെട്ടിടങ്ങളും സ്വന്തമാക്കാനുള്ള അനുമതിയും ഈ പെർമിറ്റ് ഉടമകൾക്കുണ്ട്.







