റിയാദ്: സൗദി അറേബ്യയിലുണ്ടായ വാഹനാപകടത്തിൽ നാലു മരണം. തെക്കൻ മേഖലയിലെ മഹായിൽ-അബഹ റോഡിലാണ് വാഹനാപകടം ഉണ്ടായത്. അപകടത്തിൽ രണ്ടു പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ശആർ ചുരം റോഡിൽ ആറംഗ കുടുംബം സഞ്ചരിച്ച കാർ മിനി ലോറിയുമായും മറ്റൊരു കാറുമായും കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്.
ആദ്യ കാറിലെ യാത്രക്കാരായ പിതാവും മൂന്നു പെൺമക്കളുമാണ് മരണപ്പെട്ടതെന്ന് അധികൃതർ വ്യക്തമാക്കി. ഭാര്യക്കും മകനും പരിക്കേറ്റു. ഭാര്യയുടെ പരിക്ക് ഗുരുതരമാണെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. സിവിൽ ഡിഫൻസും റെഡ് ക്രസന്റും ട്രാഫിക് പൊലീസും രക്ഷാപ്രവർത്തനം നടത്തി പരിക്കേറ്റവരെ മഹായിൽ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൃതദേഹങ്ങൾ നിലവിൽ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.