ജിസാൻ – ജിസാൻ പ്രവിശ്യയിലെ സ്വബ്‌യയിലെ ഖോസ് അൽജആഫിറ തീരത്തിനു സമീപമുള്ള അഥർ ദ്വീപ് വിനോദസഞ്ചാര കേന്ദ്രമാക്കാൻ ജിസാൻ നഗരസഭ പദ്ധതി ഒരുക്കുന്നു. റിസോർട്ടും അനുബന്ധ സൗകര്യങ്ങളും നിർമിച്ച് പ്രവർത്തിപ്പിക്കാൻ ദ്വീപ് 25 വർഷത്തെ ലീസിന് നൽകാനുള്ള പദ്ധതി നഗരസഭ പ്രഖ്യാപിച്ചു. 3,97,13,254 ചതുരശ്രമീറ്റർ വിസ്തൃതിയുള്ള അഥർ ദ്വീപ് റിസോർട്ടും മറ്റു സൗകര്യങ്ങളും നിർമിച്ച് പ്രവർത്തിപ്പിക്കാനാണ് ലീസിന് നൽകുന്നത്.
നിക്ഷേപാവസരം പ്രയോജനപ്പെടുത്താൻ ആഗ്രഹിക്കുന്ന നിക്ഷേപകർക്കും വ്യവസായികൾക്കും പദ്ധതിയെ കുറിച്ച വിശദാംശങ്ങൾ നഗരസഭാ നിക്ഷേപ ആപ്പിൽ ലഭ്യമാണെന്ന് ജിസാൻ നഗരസഭ പറഞ്ഞു. ടൂറിസം, വിനോദ മേഖലകളിൽ ജിസാനിലെ ഏറ്റവും പ്രധാനപ്പെട്ട നിക്ഷേപാവസരമാണിത്. ചരിത്രപ്രധാനമായ അഥർ നഗരത്തിനു സമീപമാണ് എന്നത് ദ്വീപിന്റെ പ്രത്യേകതയാണ്. ജിസാൻ, സ്വബ്‌യ, ബേശ്, ജിസാൻ സിറ്റി ഫോർ ബേസിക് ആന്റ് ഡൗൺസ്ട്രീം ഇൻഡസ്ട്രീസ്, ജിസാനിലെ പുതിയ കിംഗ് അബ്ദുല്ല ഇന്റർനാഷണൽ എയർപോർട്ട് എന്നിവക്ക് മധ്യേയാണ് അഥർ ദ്വീപ്. തീരത്തു നിന്ന് 800 മീറ്റർ മാത്രം ദൂരെയുള്ള ദ്വീപിനു സമീപം സമുദ്രത്തിന് ഒന്നര മീറ്റർ മാത്രമാണ് ആഴം.
ജിസാനിലെ പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രമായി ദ്വീപിനെ മാറ്റാനാണ് പദ്ധതിയെന്ന് ഖോസ് അൽജആഫിറ ബലദിയ മേധാവി അഹ്‌മദ് ഉബൈരി പറഞ്ഞു. ഹോട്ടലുകൾ, ചാലറ്റുകൾ, വാട്ടർ ഗെയിമുകൾ, ലക്ഷ്വറി റെസ്റ്റോറന്റുകൾ, കഫേകൾ, ഹരിത ഇടങ്ങൾ എന്നിവ അടക്കമുള്ള പദ്ധതികൾ ദ്വീപിൽ നടപ്പാക്കാനാണ് ആലോചിക്കുന്നത്. പ്രദേശത്തിന്റെ ഭംഗിയും പ്രകൃതിയും കണ്ടൽകാടുകളും തെളിഞ്ഞ വെള്ളവും ആഴക്കുറവും സമുദ്ര ജൈവവൈവിധ്യവും, വിനോദവും മികച്ച സമയവും തേടുന്നവരെ ദ്വീപിലേക്ക് ആകർഷിക്കുന്ന ഘടകമായിരിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.