ജിദ്ദ: രാജ്യത്തെ എല്ലാ പ്രവിശ്യകളിലേക്കും എയർ ആംബുലൻസ് സംവിധാനം വ്യാപിപ്പിക്കാനൊരുങ്ങി സൗദി. സൗദിയിലെ റെഡ് ക്രസന്റ് അതോറിറ്റിയാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. ഇതിന് മുന്നോടിയായി അടുത്ത വർഷത്തേക്ക് എയർ ആംബുലൻസ് ഓപ്പറേറ്റ് ചെയ്യാൻ വിവിധ കമ്പനികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. രാജ്യത്തുടനീളം എയർ ആംബുലൻസ് സേവനം ലഭ്യമാക്കുകയാണ് പദ്ധതിയിലൂടെ അധികൃതർ ലക്ഷ്യവെയ്ക്കുന്നത്.
2025-ൽ രാജ്യത്തുടനീളം സേവനം നൽകാൻ കഴിയുന്ന ഓപ്പറേറ്റർമാർക്കായാണ് അപേക്ഷ ക്ഷണിച്ചത്. പുതിയ ഓപ്പറേറ്റർക്ക് സിവിൽ ഏവിയേഷൻ അതോറിറ്റി അംഗീകരിച്ച ലൈസൻസ് വേണം. എയർ മെഡിക്കൽ ആംബുലൻസ് സേവനങ്ങളിൽ മുൻപരിചയവും വേണമെന്നതാണ് മറ്റൊരു നിബന്ധന. റിയാദ്, മക്ക, മദീന, അൽഖസിം, കിഴക്കൻ പ്രവിശ്യ, അസീർ, തബൂക്ക്, ഹായിൽ, ജീസാൻ, നജ്‌റാൻ, അൽബാഹ, അൽജൗഫ തുടങ്ങിയ മേഖലകളിലെല്ലാം സേവനം ഉയർത്താനാണ് ലക്ഷ്യമിടുന്നത്.
2023ൽ മാത്രം 1560 അടിയന്തര മെഡിക്കൽ കേസുകളിൽ എയർ ആംബുലൻസ് ടീം സേവനം നടത്തിയിട്ടുണ്ട്. ഗുരുതര ആരോഗ്യ പ്രയാസങ്ങളിലും റോഡ് അപകട സമയത്തുമാണ് എയർആംബുലൻസ് സേവനം കാര്യമായി ഉപയോഗിക്കുന്നത്. ശസ്ത്രക്രിയകൾ സുഗമമാക്കുന്നതിന് ആശുപത്രികൾക്കിടയിൽ അവയവങ്ങൾ എത്തിക്കുന്നതിനും എയർ മെഡിക്കൽ ആംബുലൻസ് സേവനം പ്രയോജനപ്പെടുത്താറുണ്ട്.