ജിദ്ദ- പ്രവാസികൾ അടക്കമുള്ള യാത്രക്കാരെ വീണ്ടും ദുരിതത്തിലാക്കി വിമാനക്കമ്പനികൾ. എയർ ഇന്ത്യ എക്സ്പ്രസാണ് യാത്രക്കാരെ പ്രതിസന്ധിയിലാക്കിയത്. ഇതേവരെ മുതിർന്നവർക്കും കുട്ടികൾക്കും വെവ്വേറെ യാത്രാനിരക്കാണ് ഉണ്ടായിരുന്നത്. ഇപ്പോൾ എയർ ഇന്ത്യ എക്സ്പ്രസ് ഒറ്റയടിക്ക് എല്ലാവർക്കും ഒരേ നിരക്കാക്കിയിരിക്കുകയാണ്. സാധാരണ 2 മുതൽ 12 വരെ പ്രായമുള്ളവരുടെ യാത്രാനിരക്ക് മുതിർന്നവരുടെ നിരക്കിനേക്കാൾ കുറവായിരുന്നു. ഇരുപത്തിയഞ്ച് ശതമാനം വരെയാണ് നിരക്കിൽ കുറവുണ്ടായിരുന്നത്.
രാജ്യാന്തര സർവീസുകളിലടക്കം ഇങ്ങിനെയാണ് നിരക്ക് ഏർപ്പെടുത്തിയിരുന്നത്. എന്നാൽ കഴിഞ്ഞ ദിവസം മുതൽ എയർ ഇന്ത്യ എക്സ്പ്രസ് ടിക്കറ്റ് നിരക്ക് എല്ലാവർക്കും ഒരുപോലെയാക്കി. മുതിർന്നവർക്കുള്ള അതേ നിരക്ക് തന്നെയാണ് കുട്ടികൾക്കും ഏർപ്പെടുത്തിയിരിക്കുന്നത്. ട്രാവൽസുകൾ മുൻകൂട്ടി വാങ്ങിവെച്ച് അമിത വിലക്ക് മറിച്ചുവിൽക്കുന്ന ടിക്കറ്റുകളിലാണ് എല്ലാവർക്കും ഒരേ നിരക്ക് ഇതേവരെ ഉണ്ടായിരുന്നത്. എയർ ഇന്ത്യ, എയർ ഏഷ്യയുമായി ലയിച്ച ശേഷം വെബ്സൈറ്റിൽ വന്ന അപ്ഡേഷനിലാണ് എല്ലാവർക്കും ഒരേ നിരക്കായത്. കഴിഞ്ഞ ദിവസം വരെ വെബ്സൈറ്റിൽ കുട്ടികൾക്കും മുതിർന്നവർക്കും വ്യത്യസ്ത നിരക്ക് ലഭ്യമായിരുന്നു. കണ്ണൂരിൽ നിന്ന് റിയാദിലേക്ക് ടിക്കറ്റിന് ശ്രമിച്ചപ്പോൾ കുട്ടികൾക്ക് 1200 റിയാലും മുതിർന്നവർക്ക് 1600 റിയാലുമായിരുന്നു എയർ ഇന്ത്യ എക്സ്പ്രസിന്റെ സൈറ്റിൽ കാണിച്ചിരുന്നതെന്നും എന്നാൽ ഇന്ന് ടിക്കറ്റിന് ശ്രമിച്ചപ്പോൾ എല്ലാവർക്കും 1600 റിയാലായെന്നും യാത്രക്കാർ വ്യക്തമാക്കി.