റിയാദ്- ബുധനാഴ്ച സൗദി സ്ഥാപകദിനം ആഘോഷിക്കാനിരിക്കെ രാജ്യത്തെ വിമാനകമ്പനികള്‍ ടിക്കറ്റ് നിരക്കുകളിൽ ഓഫറുകള്‍ പ്രഖ്യാപിച്ചു.
നാസ് എയറിന്റെ ഓഫര്‍ ആരംഭിക്കുന്നത് ആഭ്യന്തര ടിക്കറ്റിന് 89 റിയാലും അന്താരാഷ്ട്ര ടിക്കറ്റിന് 159 റിയാലും മുതലാണ്. ഫെബ്രുവരി 20, 21,22 തിയ്യതികളിലെ ബുക്കിംഗുകള്‍ക്ക് മാത്രമാണ് ഈ ഓഫറുകൾ ലഭിക്കുന്നത്. ഇതിനായിയി പ്രത്യേക കോഡും എയര്‍ലൈനിന്റെ സൈറ്റിലുണ്ട്. വളരെ കുറഞ്ഞ സെക്ടറുകളിലേക്കും ചില പ്രത്യേക തിയ്യതികളിലുമാണ് ഓഫറുകളുള്ളത്.
ഫെബ്രുവരി 27 മുതല്‍ മാര്‍ച്ച് അഞ്ചുവരെയും ഏപ്രില്‍ 12 മുതല്‍ 18 വരെയും വിദേശ രാജ്യങ്ങളിലേക്ക് പോകാനും മാര്‍ച്ച് എട്ട് മുതല്‍ 13 വരെയും ഏപ്രില്‍ ഒമ്പത് മുതല്‍ മെയ് രണ്ടുവരെയും വിദേശരാജ്യങ്ങളില്‍ നിന്ന് തിരിച്ചുവരുന്നതിനും നാസ് എയര്‍ ഓഫര്‍ ബാധകമാകില്ല. മറ്റു തിയ്യതികളില്‍ ഓഫര്‍ ലഭിക്കുമെങ്കിലും 22നുള്ളില്‍ ടിക്കറ്റെടുക്കണം. ഇന്ത്യയിലേക്ക് വിവിധ സെക്ടറുകളിലേക്ക് ചില തീയതികളില്‍ 399 റിയാലിന് നാസ് എയര്‍ ടിക്കറ്റുകള്‍ ലഭ്യമാണ്.
ഫ്ളൈ അദീല്‍ ചില സെക്ടറുകളില്‍ 80 ശതമാനം വരെ ഓഫര്‍ ആണ് പ്രഖ്യാപിച്ചിട്ടുള്ളത്. മാര്‍ച്ച് 31വരെ ഏതാനും ചില സെക്ടറുകളിലേക്ക് സൗദി എയര്‍ലൈന്‍സ് 50 ശതമാനം ഓഫറാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഫെബ്രുവരി 22ന് അര്‍ധരാത്രിക്ക് മുമ്പ് ബുക്ക് ചെയ്താല്‍ മാത്രമേ ഓഫറുകള്‍ ലഭ്യമാകൂവെന്ന് സൗദി എയര്‍ലൈന്‍സ് അറിയിച്ചു.