ദമ്മാം: രാജ്യത്തെ വിമാന യാത്രക്കാർക്ക് നിർദേശവുമായി സൗദി അറേബ്യയിലെ വിമാനത്താവളങ്ങൾ. യാത്രക്കാർ വിമാനത്താവളത്തിലേക്ക് പോകുന്നതിന് മുമ്പ് ബന്ധപ്പെട്ട എയർലൈനുകളുമായി നേരിട്ട് ആശയവിനിമയം നടത്തണമെന്നാണ് അധികൃതർ നൽകുന്ന നിർദ്ദേശം.
മേഖലയിലെ സംഭവ വികാസങ്ങളുമായി ബന്ധപ്പെട്ട് സർവീസുകൾ റദ്ദാക്കിയ സാഹചര്യത്തിലാണ് നിർദേശം. ജിദ്ദ കിംഗ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളം, റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളം, ദമ്മാമിലെ കിംഗ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളം തുടങ്ങിയവയുടെ മാനേജ്മെന്റുകൾ ഇത് സംബന്ധിച്ച സർക്കുലർ പുറത്തിറക്കിയിട്ടുണ്ട്.
യാത്രക്കാർ വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് അവരുടെ വിമാനങ്ങളുടെ നിലവിലെ സ്റ്റാറ്റസും അടിയന്തര മാറ്റങ്ങളും പരിശോധിക്കണം. ഇറാന് നേരെയുള്ള ഇസ്രായേൽ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ദമ്മാം കിംഗ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ചില രാജ്യങ്ങളിലേക്കുള്ള വിമാന സർവീസുകൾ പൂർണമായും നിർത്തി വെച്ചിരിക്കുകയാണ്. യാത്രക്കാരുടെ സുരക്ഷയും സൗകര്യവും മുൻനിർത്തിയാണ് നടപടി.