അല്‍ജൗഫ് – അല്‍ഖുറയാത്തില്‍ വീടിന് തീപിടിച്ച് പിതാവും ആറു കുട്ടികളും മരിച്ചു. മാതാവ് ഗുരുതര പരിക്കേറ്റു ചികിത്സയിലാണ്. തസ്ഹീലാത്ത് സ്ട്രീറ്റില്‍ ഇന്ന് പുലര്‍ച്ചെ 4.54നാണ് സംഭവം ഉണ്ടായത്. ഖുറയാത്ത് പെട്രോളിംഗ് പോലീസ് വിവരമറിച്ചതിനെ തുടര്‍ന്ന് സംഭവസ്ഥലത്തെത്തിയ സിവില്‍ ഡിഫന്‍സ് വീട്ടിനുള്ളില്‍ നിന്ന് നാല് പേരെ പൊള്ളലേറ്റ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലെത്തിച്ചു. അവരില്‍ മൂന്നു പേരും മരിച്ചു. പിന്നീട് നടത്തിയ പരിശോധനയില്‍ ഒരു റൂമില്‍ നിന്ന് മൂന്നു കുട്ടികളുടെയും ഒരു പുരുഷന്റെയും മൃതദേഹങ്ങള്‍ കണ്ടെത്തുകയായിരുന്നുവെന്ന് സിവില്‍ ഡിഫന്‍സ് വക്താവ് കാപ്റ്റന്‍ അബ്ദുറഹ്മാന്‍ അല്‍ദുവൈഹി പറഞ്ഞു.
പ്രാഥമിക പരിശോധനയില്‍ താഴെ നിലയിലെ കുട്ടികള്‍ക്കുള്ള കിടപ്പുമുറിയില്‍ നിന്നാണ് തീ പടര്‍ന്നതെന്ന് കണ്ടെത്തി. അല്‍ ഫൈസലിയ പൊലീസ് അന്വേഷണം ഏറ്റെടുത്തു. ഈ സാഹചര്യത്തിൽ വീടുകളില്‍ സ്‌മോക്ക് ഡിറ്റക്ടറുകള്‍ സ്ഥാപിക്കല്‍ അനിവാര്യമാണെന്ന് സിവല്‍ ഡിഫന്‍സ് വക്താവ് വ്യക്തമാക്കി. ആളി പടരുന്നതിന് മുമ്പ് തന്നെ തീപിടിച്ചിട്ടുണ്ടെന്ന് കണ്ടെത്താന്‍ സ്‌മോക്ക് ഡിറ്റക്ടറുകള്‍ സഹായിക്കും.