മദീന – ഖത്തർ എയർവേയ്‌സിന്റെ ദോഹ-അൽഉല ഡയറക്ട് സർവീസിന് തുടക്കമായി. അൽഉല റോയൽ കമ്മീഷനാണ് ഇക്കാര്യം അറിയിച്ചത്. ദോഹ ഹമദ് ഇന്റർനാഷണൽ എയർപോർട്ടിൽ നിന്നുള്ള ആദ്യ വിമാനത്തെ ജലപീരങ്കി ഉപയോഗിച്ചാണ് അൽഉല വിമാനത്താവളത്തിൽ സ്വീകരിച്ചത്.
പുതിയ സർവീസിലൂടെ അൽഉലയിലെ അത്ഭുതങ്ങൾ കാണാനും വർഷം മുഴുവൻ അൽഉലയിൽ നടക്കുന്ന പരിപാടികളിലും ഫെസ്റ്റിവലുകളിലും പങ്കാളിത്തം വഹിക്കാനും മാസ്മരികമായ ഹോട്ടലുകളിൽ തങ്ങി ആഡംബര ആതിഥേയത്വം അനുഭവിക്കാനും ഖത്തർ എയർവേയ്‌സ് യാത്രക്കാർക്ക് അവസരമൊരുങ്ങും. നിലവിൽ ലോകത്തെ 160 ലേറെ നഗരങ്ങളിലേക്ക് ഖത്തർ എയർവേയ്‌സ് സർവീസുകൾ നടത്തുന്നുണ്ട്.
വെള്ളി, ഞായർ ദിവസങ്ങളിലായി പ്രതിവാരം രണ്ടു സർവീസുകളാണ് ഖത്തർ എയർവേയ്‌സ് അൽഉലയിലേക്ക് നടത്തുക. വെള്ളിയാഴ്ച രാവിലെ 7.30 ന് ദോഹയിൽ നിന്ന് പുറപ്പെടുന്ന വിമാനം രാവിലെ 10.10 ന് അൽഉലയിൽ ഇറങ്ങും. ഉച്ചക്ക് 12.15 ന് അൽഉലയിൽ നിന്ന് യാത്രക്കാരുമായി പുറപ്പെടുന്ന വിമാനം ഉച്ചക്ക് 2.25 ന് ദോഹയിൽ ലാന്റ് ചെയ്യും. ഞായറാഴ്ച രാവിലെ 8.05 ന് ദോഹയിൽ നിന്ന് പുറപ്പെട്ട് 10.45 ന് അൽഉലയിൽ ഇങ്ങുന്ന വിമാനം രാവിലെ 11.45 ന് അൽഉലയിൽ നിന്ന് പുറപ്പെട്ട് ഉച്ചക്ക് 1.55 ന് ദോഹയിൽ ലാന്റ് ചെയ്യും.