റിയാദ്- തബൂക്കിലെ അൽവജാ ഡൊമസ്റ്റിക് വിമാനത്താവളത്തിലേക്കുള്ള ടിക്കറ്റുകൾ റദ്ദാക്കുന്നതിനോ മാറ്റിയെടുക്കുന്നതിനോ യാതൊരു ഫീസും ഈടാക്കില്ലെന്ന് സൗദി എയർലൈൻസ് അറിയിച്ചു. ഈ മാസം 29 ഞായറാഴ്ച മുതൽ ഇവിടേക്കുള്ള സർവീസുകൾ റെഡ്‌സീ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് മാറ്റുന്നതിനെ തുടർന്നാണ് സൗദിയ ഇക്കാര്യം അറിയിച്ചത്.
അൽവജാ, റെഡ് സീ ഇന്റർനാഷണൽ വിമാനത്താവളങ്ങൾക്കിടയിൽ യാത്രക്കാരെ കൊണ്ടുപോകുന്നതിന് അൽവജാ വിമാനത്താവളം വികസിപ്പിക്കുന്നതിന്റെ ചുമതലയുള്ള റെഡ് സീ ഇന്റർനാഷണൽ കമ്പനി സൗജന്യ ബസുകൾ അനുവദിക്കും. ജിദ്ദ കിംഗ് അബ്ദുൽ അസീസ് വിമാനത്താവളത്തിൽ നിന്നും റിയാദ് കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും റെഡ്‌സീ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് ആഴ്ചയിൽ രണ്ടുവീതം സർവീസുകളാണ് ഉണ്ടാവുകയെന്നും സൗദിയ അറിയിച്ചു.