മക്ക-ഹജ്ജിനോടനുബന്ധിച്ചുള്ള ഏറ്റവും പ്രധാന ചങ്ങാണ് അറഫ സംഗമം. മക്കയിലെ അൽ ഹറം മസ്ജിദിൽ നിന്ന് 22 കിലോമീറ്ററും ഹജിന്റെ മറ്റു പ്രധാന കർമഭൂമിയായ മിന തമ്പു നഗരിയിൽ നിന്ന് 10 കിലോ മീറ്ററും അകലെയാണ് അറഫ മൈതാനം സ്ഥിതിചെയ്യുന്നത്. അറഫ സംഗത്തിനെത്തിയ പ്രവാചകൻ മുഹമ്മദ് നബി നമസ്‌കരിക്കുകയും പ്രഭാഷണം നടത്തുകയും ചെയ്ത സ്ഥലത്ത് നിർമ്മിച്ചിട്ടുള്ളതാണ് അൽ നമിറ മസ്ജിദ്. മസ്ജിന്റെ ആദ്യ പകുതി അറഫയുടെ പുറത്തും പിൻ വശം അറഫയുടെ പരിധിയിലുമായാണ് പണിതിട്ടുള്ളത്.
മസ്ജിദിനകത്തു മാത്രം മൂന്നര ലക്ഷം പേർക്ക് ഒരേ സമയം നമസ്‌കാരം നിർവഹിക്കാവുന്നതാണ്. മസ്ജിന്റെ പരിസരങ്ങളിലും അറഫ മൈതാനത്തുമായി ഇരുപത്തിയഞ്ചു ലക്ഷത്തിലേറെ വരുന്ന ഹാജിമാരും അനുബന്ധ സേവനങ്ങൾക്കെത്തിയവരും നമസ്‌കരിക്കും. പുരാതന കാലം മുതൽ നാമകരണം ചെയ്യപ്പെട്ട അറഫ മൈതാനത്തിനു സമീപമുള്ള നമിറ എന്ന സ്ഥലത്തിലേക്കു ചേർത്താണ് നമിറ മസ്ജിദ് എന്നു ഈ പള്ളിക്കു പേരു വന്നത്.
ദുൽഹജ് 9 ന് അറഫ സംഗമത്തിനെത്തുന്ന തീർത്ഥാടക ലക്ഷങ്ങളോട് അറഫയിലെ അൽനമിറ മസ്ജിദിലെ മദ്ധ്യാഹ്ന നമസ്‌കാരത്തിനു മുമ്പായി ഇമാം പ്രവാചകന്റെ അറഫ പ്രസംഗത്തെ ഓർമ്മിപ്പിച്ചു കൊണ്ടുള്ള പ്രഭാഷണം നിർവഹിക്കും. ഈ വർഷത്തെ പ്രഭാഷണം നിർവഹിക്കുന്നത് പ്രമുഖ പണ്ഡിതനും ഗ്രന്ഥകർത്താവും സൗദി ഉന്നത പണ്ഡിത സഭാഗവുമായ ഡോ യൂസുഫ് ബിൻ മുഹമ്മദ് ബിൻ സഈദ് ആയിരിക്കുമെന്ന് സൗദി മതകാര്യമന്ത്രാലയം അറിയിച്ചിട്ടുണ്ട്.