ജിദ്ദ – ജിദ്ദ എയര്‍പോര്‍ട്ട് വഴി മയക്കുമരുന്ന് കടത്താനുള്ള ശ്രമങ്ങള്‍ സകാത്ത്, ടാക്‌സ് ആന്റ് കസ്റ്റംസ് അതോറിറ്റി പരാജയപ്പെടുത്തി. കൊറിയര്‍ വഴി എത്തിയ പാര്‍സലുകള്‍ക്കകത്ത് ഒളിപ്പിച്ച് നാലര കിലോയിലേറെ കൊക്കൈനാണ് കടത്താന്‍ ശ്രമിച്ചത്. ജിദ്ദ എയര്‍പോര്‍ട്ട് സകാത്ത്, ടാക്‌സ് ആന്റ് കസ്റ്റംസ് അതോറിറ്റി ഉദ്യോഗസ്ഥര്‍ നടത്തിയ സൂക്ഷ്മ പരിശോധനയില്‍ പാര്‍സലുകളില്‍ മയക്കുമരുന്ന് ശേഖരങ്ങള്‍ കണ്ടെത്തുകയായിരുന്നു. ഇതിനു ശേഷം ജനറല്‍ ഡയറക്ടറേറ്റ് ഓഫ് നാര്‍കോട്ടിക്‌സ് കണ്‍ട്രോളുമായി ഏകോപിച്ച് മയക്കുമരുന്ന് ശേഖരങ്ങള്‍ ഒളിപ്പിച്ച പാര്‍സലുകള്‍ സൗദിയില്‍ സ്വീകരിച്ചയാളെ അറസ്റ്റ് ചെയ്തതായും സകാത്ത്, ടാക്‌സ് ആന്റ് കസ്റ്റംസ് അതോറിറ്റി അറിയിച്ചു.
മറ്റൊരു സംഭവത്തില്‍, യെമന്‍ അതിര്‍ത്തി വഴി കടത്താന്‍ ശ്രമിച്ച 77,700 ലഹരി ഗുളികകള്‍ ജിസാന്‍ പ്രവിശ്യയില്‍ പെട്ട അല്‍ദായിര്‍ സെക്ടറില്‍ വെച്ച് അതിര്‍ത്തി സുരക്ഷാ സേന പിടികൂടി. മയക്കുമരുന്ന് കടത്തുകാരെ അറസ്റ്റ് ചെയ്യാന്‍ സാധിച്ചില്ല. മയക്കുമരുന്ന് ശേഖരം പിന്നീട് ബന്ധപ്പെട്ട വകുപ്പിന് കൈമാറിയതായി അതിര്‍ത്തി സുരക്ഷാ സേന അറിയിച്ചു.