റിയാദ്: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയിൽ പുതിയ ചുവടുവെയ്പുമായി സൗദി അറേബ്യ. ഇതിന്റെ ഭാഗമായി പുതിയ കമ്പനിക്ക് രൂപം നൽകിയിരിക്കുകയാണ് സൗദി. ഹ്യൂമൈൻ എന്നാണ് പുതിയ കമ്പനിക്ക് സൗദി നൽകിയിരിക്കുന്ന പേര്.
സൗദി അറേബ്യയുടെ സോവറീൻ വെൽത്ത് ഫണ്ട് ആയ പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ട് ആണ് കമ്പനിയുടെ ഉടമസ്ഥർ. പുതിയ കമ്പനിയുമായി ബന്ധപ്പെട്ട പ്രഖ്യാപനം നടത്തിയത് സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയും പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ട് ഡയറക്ടർ ബോർഡ് ചെയർമാനുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനാണ്.
അറബിയിലെ ഏറ്റവും മികച്ച ലാർജ് ലാംഗ്വേജ് മോഡൽ, അത്യാധുനിക ഡാറ്റാ സെന്ററുകൾ, ക്ലൗഡ് കമ്പ്യൂട്ടിംഗ് ഇൻഫ്രാസ്ട്രക്ചർ തുടങ്ങിയ നൂതന എ ഐ മോഡലുകളും ആപ്ലിക്കേഷനുകളും സൗദി വികസിപ്പിക്കും. ആധുനിക സാങ്കേതിക വിദ്യകളോട് യുവജനങ്ങൾക്കുള്ള താല്പര്യവും വർദ്ധിച്ചുവരുന്ന സാമ്പത്തിക വളർച്ചാ നിരക്കുമാണ് പുതിയ കമ്പനി ആരംഭിക്കുന്നതിന് പിന്നിലെ പ്രധാന കാരണം. ആർട്ടിഫിഷൽ ഇന്റലിജൻസ് മേഖലയിൽ മുൻനിരയിലെത്താനാണ് സൗദി ലക്ഷ്യമിടുന്നത്.