അബഹ: അസീർ, ജിസാൻ പ്രവിശ്യകളെ ബന്ധിപ്പിച്ച് പുതിയ മെയിൻ റോഡ് നിർമിക്കുന്നു. ബന്ധപ്പെട്ട വകുപ്പുകൾ പദ്ധതിയുടെ വിശദാംശങ്ങൾ പുറത്തുവിട്ടു. പദ്ധതി നടപ്പാക്കാൻ ആഗ്രഹിക്കുന്ന കമ്പനികളെ ജനറൽ റോഡ്‌സ് അതോറിറ്റിയും അസീർ വികസന അതോറിറ്റിയും ദേശീയ സ്വകാര്യവൽക്കരണ സെന്ററും ക്ഷണിച്ചു.
ഇരു ദിശകളിലേക്കുമുള്ള റോഡുകളിൽ മൂന്നു വീതം ട്രാക്കുകളോടെ അസീർ പ്രവിശ്യയിലെ അൽഫർആയിൽ നിന്ന് ജിസാൻ വഴി ചെങ്കടൽ തീരത്തേക്ക് 136 കിലോമീറ്റർ നീളത്തിൽ റോഡ് നിർമിക്കാനാണ് പദ്ധതി. റോഡിൽ ആറു ഇന്റർസെക്ഷനുകളും 57 പാലങ്ങളും 11 ടണലുകളുമുണ്ടാകും. പാലങ്ങൾക്ക് ആകെ 18 കിലോമീറ്ററും തുരങ്കങ്ങൾക്ക് ആകെ 9.2 കിലോമീറ്ററും നീളമുണ്ടാകും.
മുപ്പതു വർഷം നീളുന്ന കരാറിൽ ഡിസൈൻ, ബിൽഡ്, ഫിനാൻസ്, ഓപ്പറേറ്റ്, മെയിന്റനൻസ് രീതിയിലാണ് റോഡ് നിർമിക്കുക. അസീർ, ജിസാൻ പ്രവിശ്യകൾക്കിടയിലെ റോഡുകളുടെ ശേഷി ഉയർത്താൻ പുതിയ റോഡ് സഹായിക്കും. ഇത് ടൂറിസം, ലോജിസ്റ്റിക്‌സ് സേവന മേഖലകൾക്ക് പിന്തുണ നൽകുകയും ചെയ്യും.