ഹജ്ജ് തീർഥാടകരുടെ വാഹന പരിശോധന പ്രക്രിയ രേഖപ്പെടുത്താനും ലംഘനങ്ങൾ നിരീക്ഷിക്കാനും ഓഗ്മെൻറഡ് റിയാലിറ്റി കണ്ണടകൾ. ഗതാഗത അതോറിറ്റിയാണ് ഉദ്യോഗസ്ഥർക്ക് ഓഗ്മെൻറഡ് റിയാലിറ്റി ഗ്ലാസുകളുടെ നൂതന പതിപ്പ് പുറത്തിറക്കിയിരിക്കുന്നത്. വെറും ആറ് സെക്കൻഡ് സമയത്തിനുള്ളിൽ ഡാറ്റ ആൻഡ് കൺട്രോൾ സെൻററിലേക്ക് ഇതിലൂടെ വിവരങ്ങൾ അയക്കാൻ സാധിക്കും. കഴിഞ്ഞ വർഷമാണ് വാഹനപരിശോധനക്ക് ഗതാഗത അതോറിറ്റി ഓഗ്മെൻറഡ് റിയാലിറ്റി കണ്ണടകൾ പരീക്ഷിച്ചത്.
വിജയകരമാണെന്ന് കണ്ടതിനെതുടർന്നാണ് ഈ വർഷത്തെ ഹജ്ജ് സീസണിൽ ഓഗ്മെൻറഡ് റിയാലിറ്റി ഗ്ലാസ്സുകൾ വാഹന പരിശോധനക്ക് ഉപയോഗിക്കാൻ തീരുമാനിച്ചത്. ഇതിലൂടെ വാഹന പരിശോധന സമയം 600 ശതമാനം കുറക്കാൻ സഹായിക്കുന്നുവെന്നാണ് വിലയിരുത്തൽ. സേവനങ്ങളുടെ ഗുണനിലവാരം നിരീക്ഷിക്കുന്നതിനും മക്കയിലേക്കും പുണ്യസ്ഥലങ്ങളിലേക്കും മദീനയിലേക്കും തീർഥാടകരെ കൊണ്ടുപോകുന്ന വാഹനങ്ങൾ ആവശ്യമായ മാനദണ്ഡങ്ങളും ആവശ്യകതകളും പാലിക്കുന്നുണ്ടോയെന്ന് കൃത്യമായി ഉറപ്പുവരുത്താനും സഹായിക്കുന്നതാണ് ഓഗ്മെൻറഡ് റിയാലിറ്റി സാങ്കേതികവിദ്യയുള്ള കണ്ണടകൾ.