മദീന- ‘ബദർ ചരിത്ര പാത’ യുടെ ഡിസൈൻ മത്സരം മദീന വികസന സമിതിയുടെ നേതൃത്വത്തിൽ ആരംഭിച്ചു. 175 കിലോമീറ്റർ ദൈർഘ്യത്തിൽ 40ലധികം ചരിത്ര സ്മാരകങ്ങളാണ് ഇതിൽ ഉൾക്കൊള്ളുന്നത്.
മദീനയിൽ നിന്ന് ആരംഭിച്ച് അൽഅരീശ് മസ്ജിദ്, അൽറൗഹാ പ്രദേശം, ഉദ്വതൈൻ അൽദുൻയാ വൽ ഖുസ്വാ വഴി നിരവധി പ്രദേശങ്ങളിലൂടെ ബദർ വരെ നീളുന്നതാണ് പ്രഖ്യാപിത ചരിത്ര പാത. പ്രവാചകന്റെ ജീവചരിത്രവും ഇസ്ലാമിക ചരിത്രവുമായി ബന്ധപ്പെട്ട നൂറിലധികം കേന്ദ്രങ്ങളിലെ ഇസ്ലാമിക ചരിത്രപ്രദേശങ്ങൾ പുനഃസ്ഥാപിക്കുന്നതിനും സജീവമാക്കുന്നതിനുമുള്ള സംരംഭങ്ങളുടെ ഭാഗമാണ് ഈ പദ്ധതി. 2025ലാണ് പദ്ധതി പൂർത്തിയാകുന്നത്.
സൃഷ്ടിപരമായ ചിന്തയുടെയും നഗര ആസൂത്രണത്തിന്റെയും തത്വങ്ങൾ പ്രയോഗിച്ച് ഈ ചരിത്രപാതയെ പുനരുജ്ജീവിപ്പിക്കുക, അവ പര്യവേക്ഷണം ചെയ്യാൻ സന്ദർശകരെ പ്രാപ്തരാക്കുക എന്നതാണ് മത്സരത്തിലൂടെ ലക്ഷ്യമിടുന്നത്. ഇസ്ലാമിക ചരിത്രവുമായി ബന്ധപ്പെട്ട സാംസ്കാരിക, വൈജ്ഞാനിക മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുകയും പ്രദേശത്തിന്റെ ചരിത്രപരമായ പൈതൃകം കാത്തുസൂക്ഷിക്കുന്ന വികസന ആശയങ്ങൾ വിശദീകരിക്കുകയും വേണം. പദ്ധതി പൂർത്തിയായാൽ മദീനയിലെത്തുന്ന സന്ദർശകർക്ക് മികച്ച അനുഭവം സമ്മാനിക്കുന്ന വിധത്തിലാകണം രൂപരേഖ. പാതയുടെ ചില ഘട്ടങ്ങളിൽ നിക്ഷേപ സാധ്യതയും മദീന വികസന സമിതി അന്വേഷിക്കുന്നുണ്ട്. ദേശീയ തലത്തിൽ ടൂറിസം മേഖലയുടെ വളർച്ചയുടെ വെളിച്ചത്തിൽ ആഭ്യന്തര ഉൽപാദനം ഉയർത്തുന്നതിന് ഇത്തരം പദ്ധതികൾ പ്രയോജനമാകുമെന്ന് വികസന സമിതി അഭിപ്രായപ്പെട്ടു.