സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെ പേരിൽ ലോകത്തിലെ ഏറ്റവും വലിയ സ്പോർട്സ് സ്റ്റേഡിയം റിയാദിൽ നിർമിക്കുന്നു. സ്റ്റേഡിയത്തിന്റെയും അനുബന്ധ കായിക സ്ഥാപനങ്ങളുടെയും ഡിസൈനുകൾ റിയാദ് സിറ്റി റോയൽ കമീഷനും കായിക മന്ത്രാലയവും ചേർന്ന് പുറത്തുവിട്ടു. നഗരത്തിന്റെ വടക്കുഭാഗത്ത് കിങ് സൽമാൻ റോഡിന്റെ വശത്ത് നിർദ്ദിഷ്ട കിങ് അബ്ദുൽ അസീസ് പാർക്കിനോട് ചേർന്നാണ് പുതിയ സ്റ്റേഡിയം നിർമിക്കുന്നത്. സൗദി ദേശീയ ഫുട്ബാൾ ടീമിന്റെ ആസ്ഥാനവും പ്രധാന കായിക മത്സരങ്ങളുടെ വേദിയുമായി മാറും ഈ സ്റ്റേഡിയം.
കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിനും നോർത്ത് റെയിൽവേ സ്റ്റേഷനും വളരെ അടുത്തായിരിക്കും. നഗരത്തിലെ പ്രധാന ഹൈവേകളോടും ചേർന്ന് സുപ്രധാന സ്ഥാനത്താണ് സ്റ്റേഡിയം ഒരുങ്ങുക. ഇതോടെ നഗരത്തിന്റെ ഏത് ഭാഗത്തുനിന്നും ആളുകൾക്ക് എളുപ്പത്തിൽ എത്തിച്ചേരാനാകും. നിർമാണം ഉടൻ ആരംഭിക്കും. 2029 അവസാന പാദത്തിൽ പൂർത്തിയാകും. ‘ഫിഫ’യുടെ മാനദണ്ഡങ്ങൾക്ക് അനുസൃതമായാണ് നിർമാണം. ഏറ്റവും ആധുനികവും ആകർഷകവുമായ വാസ്തുവിദ്യാ ശൈലിയിലാണ് രൂപകൽപന. ആറ് അന്താരാഷ്ട്ര കമ്പനികൾ സമർപ്പിച്ച നിരവധി ഡിസൈനുകളിൽ നിന്നാണ് ഏറ്റവും ഉചിതമായത് തെരഞ്ഞെടുത്തത്.
കിങ് അബ്ദുൽ അസീസ് പാർക്കും സ്റ്റേഡിയവും തമ്മിൽ ഹരിത ഇടങ്ങളാൽ ബന്ധിപ്പിക്കും. 96,500 ചതുരശ്ര മീറ്ററിലധികം വിസ്തൃതിയിൽ ഒരുങ്ങുന്ന സ്റ്റേഡിയത്തിന്റെ ഭിത്തികളും മേൽക്കൂരയും പച്ചപ്പുല്ല് പൊതിഞ്ഞ രൂപത്തിലായിരിക്കും. പാരിസ്ഥിതിക സുസ്ഥിരതയും പ്രകൃതിസൗഹൃദപരവുമായിരിക്കും. കെട്ടിടങ്ങളെല്ലാം ഹരിതസസ്യങ്ങളാൽ പൊതിഞ്ഞ നിലയിലായിരിക്കും.