ജിദ്ദ- സൗദിയിൽ ബിനാമി ബിസിനസ് പിടികൂടുന്നതിനായുള്ള റെയ്ഡ് തുടരുകയാണ്. 498 സ്ഥാപനങ്ങളിൽ നിന്ന് ബിനാമി ഇടപാട് പിടികൂടിയതായി അധികൃതർ അറിയിച്ചു. ബിനാമി ബിസിനസ് വിരുദ്ധ പോരാട്ടത്തിന്റെ ഭാഗമായി ബിനാമി ബിസിനസ് സംശയിക്കുന്ന 498 കേസുകൾ നിയമ നടപടികൾക്ക് കഴിഞ്ഞ വർഷം വാണിജ്യ മന്ത്രാലയം പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ട്.
ബിനാമി ബിസിനസ് സംശയിക്കപ്പെടുന്ന സ്ഥാപനങ്ങൾ കണ്ടെത്താൻ സഹായിക്കുന്ന സംവിധാനവും സൂചകങ്ങളും പരിഷ്‌കരിക്കാൻ കഴിഞ്ഞ വർഷം 14,02,338 കൊമേഴ്‌സ്യൽ രജിസ്‌ട്രേഷനുകൾ മന്ത്രാലയം പരിശോധിച്ചിരുന്നു. സ്ഥാപനങ്ങളുടെ വലിപ്പവും പ്രവർത്തന മേഖലയും പ്രവർത്തിക്കുന്ന പ്രവിശ്യയും പ്രത്യേകം കണക്കിലെടുത്താണ് കൊമേഴ്‌സ്യൽ രജിസ്‌ട്രേഷനുകളിൽ പരിശോധന നടത്തിയത്.
സ്ഥാപനങ്ങളിൽ നിന്ന് ഈടാക്കുന്ന ആദായ നികുതിയിലൂടെ സർക്കാറിന്റെ വരുമാനം വർധിപ്പിക്കാനും നിയമാനുസൃത തൊഴിലാളികളുടെ എണ്ണം ഉയർത്താനും ആഭ്യന്തരോൽപാദന വളർച്ചക്കും സ്ഥാപനങ്ങൾക്കിടയിൽ നീതിപൂർവമായ മത്സരം സാധ്യമാക്കാനും നിഴൽ സമ്പദ്‌വ്യവസ്ഥ ഇല്ലാതാക്കാനും ബിനാമി ബിസിനസ് വിരുദ്ധ പോരാട്ടം സഹായിക്കും. ബിനാമി ബിസിനസ് വിരുദ്ധ പോരാട്ടത്തിനും പദവി ശരിയാക്കൽ അപേക്ഷകളുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾക്കും കഴിഞ്ഞ വർഷം ബിനാമി വിരുദ്ധ ദേശീയ പ്രോഗ്രാം 60-ഓളം പദ്ധതികൾ പ്രഖ്യാപിച്ചിരുന്നു.