റിയാദ് : ഒന്നരപ്പതിറ്റാണ്ടായി പ്രവാസലോകത്തെത്തി വിവിധ കാരണങ്ങളാൽ നാട്ടിൽ പോകാനാവാതെ കഴിഞ്ഞിരുന്ന തിരുവനന്തപുരം സ്വദേശി നാട്ടിലെത്തിയത് ജീവനറ്റ ശരീരമായി. 2010ൽ ഹൗസ് ഡ്രൈവർ വിസയിൽ റിയാദിലെത്തിയ തിരുവനന്തപുരം ആശ്രമം സ്വദേശി ബ്രൂണോ സെബാസ്റ്റ്യൻ പീറ്റർ (65) രണ്ടുമാസങ്ങൾക്ക് മുമ്പ് ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടിരുന്നു. നിയമക്കുരുക്കുണ്ടായിരുന്നതിനാൽ ഇന്ത്യൻ എംബസിയും കേളി പ്രവർത്തകരും ഏറെ പരിശ്രമിച്ചാണ് മൃതദേഹം നാട്ടിലെത്തിച്ചത്.
അൽഖർജ് ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച മൃതശരീരത്തെ കുറിച്ച് ആശുപത്രി അധികൃതർ ഖർജ് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് സാമൂഹിക പ്രവർത്തകർ ഇന്ത്യൻ എംബസിയിൽ വിവരം അറിയിച്ചു. മൃതശരീരം നാട്ടിലെത്തിക്കുന്ന നടപടിക്രമങ്ങൾ ആരംഭിച്ചപ്പോഴാണ് കേസുള്ള വിവരമറിയുന്നത്. കേസ് നൽകിയ സ്വദേശിയുമായി എംബസിയും അൽഖർജ് പൊലീസ് മേധാവിയും ബന്ധപ്പെട്ടെങ്കിലും അദ്ദേഹം വിട്ടുവീഴ്ചക്ക് തയാറായില്ല. തുടർന്ന് സാമൂഹിക പ്രവർത്തകർ അമീർ കോർട്ടിനെയും, ഉയർന്ന കോടതിയെയും സമീപിച്ചു. കോടതി സ്വദേശിയെ വിളിച്ചു വരുത്തിയെങ്കിലും 35,000 റിയാൽ നൽകിയാൽ മാത്രം കേസ് പിൻവലിക്കാമെന്നായി. ഇത്രയും തുക നൽകാൻ വീട്ടുകാർക്ക് കഴിയില്ലെന്ന് അറിയിച്ചു. ഇതിനിടയിൽ നിയമക്കുരുക്കിൽ പെട്ട് രണ്ടു മാസം പിന്നിട്ടിരിന്നു.
തുടർന്ന് അൽഖർജ് പൊലീസ് മേധാവി അറിയിച്ചതിനെ തുടർന്ന് എയർപോർട്ടിൽ നിന്നും മൃതശരീരങ്ങൾക്ക് എക്സിറ്റ് നൽകുന്ന സംവിധാനത്തിൽ എക്സിറ്റ് വാങ്ങിയെടുക്കുകയും പീറ്ററിന്റെ മൃതശരീരം നാട്ടിലേക്ക് അയക്കുകയും ചെയ്തു. നാട്ടിലെത്തിച്ച മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി സംസ്കരിച്ചു.