ബുറൈദ – നട്ടുച്ചയ്ക്ക് പൊരിവെയിലത്ത് ഒരു ബാലനും തന്റെ കുഞ്ഞുസഹോദരിയും സ്‌കൂളിൽ നിന്ന് സൈക്കിളിൽ വീട്ടിലേക്ക് മടങ്ങുന്നതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി. കുഞ്ഞുസഹോദരിയെ സൈക്കിളിന്റെ പിൻവശത്ത് ഇരുത്തി ബാലൻ സൈക്കിൾ ചവിട്ടിപ്പോവുകയായിരുന്നു. സ്വന്തം മകളെ സ്‌കൂളിൽ നിന്ന് കൂട്ടാൻ കാറിലെത്തിയ മറ്റൊരു രക്ഷകർത്താവാണ് ഈ ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ ചിത്രീകരിച്ചത്. കിന്റർഗാർട്ടൻ സ്‌കൂൾ വിടുന്നതു വരെ സഹോദരിയ്ക്കായി ബാലൻ സ്‌കൂളിനു മുന്നിൽ കാത്തുനിൽക്കുകയായിരുന്നു.
സ്‌കൂൾ ബാഗുമായി പുറത്തിറങ്ങിയ ബാലിക സഹോദരന്റെ സൈക്കിളിന്റെ പിൻവശത്തെ കേരിയറിൽ ഇരിക്കുകയും ബാലൻ ഏറെ ബുദ്ധിമുട്ടി സൈക്കിൾ ചവിട്ടി വീട് ലക്ഷ്യമാക്കി നീങ്ങുകയുമായിരുന്നു. ബുറൈദ ഉമ്മുൽ മുഅ്മിനീൻ സൗദ ബിൻത് സംഅ കിന്റർഗാട്ടൻ സ്‌കൂളിനു മുന്നിലാണ് സംഭവം. കുട്ടികളുടെ കുടുംബവുമായി ആശയവിനിമയം നടത്താൻ താൻ ആഗ്രഹിക്കുന്നതായി ജനറൽ എന്റർടൈൻമെന്റ് അതോറിറ്റി പ്രസിഡന്റ് തുർക്കി ആലുശൈഖ് വീഡിയോക്ക് താഴെ അറിയിച്ചു. പൊള്ളുന്ന വെയിലിൽ സൈക്കിൾ യാത്ര കുഞ്ഞുകുട്ടികളെ ഹാനികരമായി ബാധിക്കുമെന്നും സൈക്കിൾ സവാരിക്ക് അനുകൂലമായ സാഹചര്യമല്ല ഇപ്പോഴെന്നും സാമൂഹിക മാധ്യമ ഉപയോക്താക്കൾ പറഞ്ഞു.
— مقاطع فيديو (@MaiHegazy542592) August 21, 2023