ദമാം – കിഴക്കൻ പ്രവിശ്യ ബസ് സർവീസ് ഈ വർഷത്തിൽ പത്തു ലക്ഷത്തിലേറെ പേർ പ്രയോജനപ്പെടുത്തിയതായി റിപ്പോർട്ട്. ദമാം, അൽകോബാർ, ദഹ്റാൻ, ഖത്തീഫ് ഉൾപ്പെടെ 200 കിലോമീറ്റർ ദൂരപരിധിയിലാണ് ബസ് സർവീസുകളുള്ളത്.
പ്രവിശ്യയിലെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്നതിനും സ്വദേശികൾക്കും വിദേശികൾക്കും സന്ദർശകർക്കും നൽകുന്ന സേവനങ്ങൾ മെച്ചപ്പെടുത്താനും ബസ് സർവീസ് സഹായകമാകുന്നു. അതേസമയം കിഴക്കൻ പ്രവിശ്യയിൽ പൊതുഗതാഗത സംവിധാനം ഉപയോഗിക്കുന്നവരുടെ എണ്ണം വർധിച്ചുവരികയാണെന്ന് അശ്ശർഖിയ നഗരസഭ അറിയിച്ചു. സാമ്പത്തിക, സാമൂഹിക, പാരിസ്ഥിതിക മേഖലകളിൽ ബസ് സർവീസ് അനുകൂല ഫലം ചെലുത്തുന്നതായും നഗരസഭ വ്യക്തമാക്കി.
രാവിലെ 5.30 മുതൽ രാത്രി 11.30 വരെയാണ് കിഴക്കൻ പ്രവിശ്യയിൽ ബസ് സർവീസ് നടത്തുന്നത്. പ്രവിശ്യയിലെ ഭൂരിഭാഗം പ്രധാന കേന്ദ്രങ്ങളെയും ബന്ധിപ്പിക്കുന്ന ബസ് സർവീസ് ശൃംഖലയിൽ ആകെ 212 ബസ് സ്റ്റേഷനുകളാണുള്ളത്. 3.45 റിയാലാണ് ഒരു ദിശയിലേക്കുള്ള ടിക്കറ്റ് നിരക്ക് .