ജിദ്ദ – സുഡാനീസ് സായുധ സേനയുടെയും റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സിന്റെയും പ്രതിനിധികൾ ഹ്രസ്വകാല വെടിനിർത്തൽ-സമാധാന കരാറിൽ ഒപ്പുവച്ചതായി സൗദി അറേബ്യയും യുഎസും അറിയിച്ചു. കരാർ ഒപ്പിട്ട് 48 മണിക്കൂറിന് ശേഷം പ്രാബല്യത്തിൽ വരുന്ന ഹ്രസ്വകാല വെടിനിർത്തൽ ഏഴ് ദിവസത്തേക്ക് പ്രാബല്യത്തിൽ തുടരുമെന്നും ഇരു കക്ഷികളുടെയും ധാരണയോടെ ഇത് നീട്ടാമെന്നും സൗദി പ്രസ് ഏജൻസി (എസ്പിഎ) റിപ്പോർട്ട് ചെയ്തു.
കരാർ പ്രകാരം, മാനുഷിക സഹായങ്ങൾ വിതരണം ചെയ്യുന്നതിനും അവശ്യ സേവനങ്ങൾ പുനഃസ്ഥാപിക്കുന്നതിനും ആശുപത്രികളിൽ നിന്നും അവശ്യ പൊതു സൗകര്യങ്ങളിൽ നിന്നും സൈന്യത്തെ പിൻവലിക്കുന്നതിനും കക്ഷികൾ സമ്മതിച്ചു.
കരാർ ഒപ്പിട്ടതിന് ശേഷവും വെടിനിർത്തൽ ആരംഭിക്കുന്നതിന് മുമ്പുള്ള 48 മണിക്കൂർ അറിയിപ്പ് കാലയളവിലും സൈനിക നേട്ടം തേടേണ്ടതില്ലെന്ന പ്രതിജ്ഞാബദ്ധത ഇരു കക്ഷികളും സൗദി, യുഎസ് ഫെസിലിറ്റേറ്റർമാരെ അറിയിച്ചിട്ടുണ്ട്.
വെടിനിർത്തൽ മെയ് 22 ന് ഖാർത്തൂം സമയം രാത്രി 09:45 ന് പ്രാബല്യത്തിൽ വരും.