ലോസ് ആഞ്ജലീസ്: ഹോളിവുഡ് നടൻ ക്രിസ്റ്റ്യൻ ഒലിവറും(51) അദ്ദേഹത്തിൻ്റെ രണ്ട് പെണ്‍മക്കളും വിമാനാപകടത്തില്‍ മരിച്ചു. ഇവര്‍ സഞ്ചരിച്ച സ്വകാര്യവിമാനം ടേക്ക്‌ഓഫിന് തൊട്ടുപിന്നാലെ കരീബിയൻ കടലിലേയ്ക്ക് പതിക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. വിമാനത്തിന്റെ പെെലറ്റ് റോബര്‍ട്ട് ഷാസും അപകടത്തില്‍ മരിച്ചതായാണ് വിവരം.
ഒലിവറിന്റെ മക്കളായ മെഡിറ്റ (10), അനിക് (12) എന്നിവരാണ് വ്യാഴാഴ്ച നടന്ന അപകടത്തില്‍ മരണപ്പെട്ടത്. അപകടം നടന്നയുടനെ മത്സ്യത്തൊഴിലാളികളും കോസ്റ്റ് ഗാര്‍ഡും സ്ഥലത്ത് എത്തിയെങ്കിലും വിമാനത്തിലുണ്ടായിരുന്ന ആരുടേയും ജീവൻ രക്ഷിക്കാനായില്ല. ക്രിസ്റ്റ്യൻ ഒലിവറും കുടുംബവും അവധിക്കാലം ആഘോഷിക്കാൻ എത്തിയതായിരുന്നു.
അറുപതിലേറെ സിനിമകളിലും ടിവി ഷോകളിലും ക്രിസ്റ്റ്യൻ ഒലിവര്‍ അഭിനയിച്ചിട്ടുണ്ട്. 2006-ല്‍ പുറത്തിറങ്ങിയ ‘ദി ഗുഡ് ജര്‍മൻ’ എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറിയത്. 2008-ല്‍ പുറത്തിറങ്ങിയ ആക്ഷൻ – കോമഡി ചിത്രമായ ‘സ്പീഡ് റേസറി’ലൂടെയാണ് താരം കൂടുതല്‍ ശ്രദ്ധനേടിയത്.