ദമാം- സൗദിയിൽ പുകയില ഉൽപന്നങ്ങളുടെ വിൽപനയ്ക്കുള്ള നിയന്ത്രണങ്ങൾ ദമാം നഗരസഭ കർശനമാക്കി. ഈസ്റ്റ് ദമാം മുനിസിപ്പാലിറ്റി തങ്ങളുടെ എക്‌സ് എക്കൗണ്ടിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന പോസ്റ്ററിലാണ് ബഖാലകളിലും സൂപ്പർമാർക്കറ്റുകളിലും പുകയില ഉൽപന്നങ്ങൾ വിൽക്കുന്നതിനുള്ള നിബന്ധനകൾ വ്യക്തമാക്കിയത്.
18 വയസിൽ താഴെ പ്രായമുള്ള കുട്ടികൾക്ക് പുകയിലയുൽപന്നങ്ങൾ വിൽക്കാൻ പാടില്ല, ബഖാലകളിലോ വാണിജ്യ കേന്ദ്രങ്ങളിലോ പുകയിലയുൽപന്നങ്ങളുടെ പരസ്യം പ്രദർശിപ്പിക്കാൻ പാടില്ല, ഗ്രോസറികളിലും സൂപ്പർമാർക്കറ്റുകളിലുമെത്തുന്ന ഉപഭോക്താക്കൾ കാണുന്ന തരത്തിൽ പുകയിലയുൽപന്നങ്ങൾ വിൽപനക്കു വെക്കാൻ പാടില്ല. (നൂറു ശതമാനവും ഉപഭോക്താക്കൾ കാണാത്ത തരത്തിലുള്ള പ്രത്യേക ബോക്‌സുകളിലായിരിക്കണം അവ വെക്കേണ്ടത്.)
പുകയിലയുൽപന്നങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന പരസ്യങ്ങളുളള മറ്റു ചരക്കുകൾ ഇറക്കുമതി ചെയ്യുകയോ രാജ്യത്ത് വിൽക്കുകയോ ചെയ്യാൻ പാടില്ല, പുകയില ഉൽപന്നങ്ങളുടെ ഷെൽഫുകൾക്കു മുകളിൽ ആരോഗ്യപരമായ മുന്നറിയിപ്പുള്ള ലേബലുകൾ പതിച്ചിരിക്കണം, 100 സ്‌ക്വയർ മീറ്റർ വിസ്തീർണത്തിൽ താഴെയുള്ള ഗ്രോസറികളിൽ പുകയിലയുൽപന്നങ്ങൾ വിൽക്കാൻ പാടില്ല തുടങ്ങിയ നിർദേശങ്ങളാണ് നഗരസഭ പോസ്റ്ററിൽ വ്യക്തമാക്കിയിരിക്കുന്നത്.