റിയാദ്- സിറ്റിസൺ അക്കൗണ്ട് പദ്ധതി നിലവിലെ അതേ സംവിധാനത്തിൽ തുടരാൻ സൽമാൻ രാജാവ് നിർദേശം നൽകി. ഇന്ധന, വൈദ്യുതി ഇനത്തിലും മറ്റുമുള്ള സബ്‌സിഡികൾ അർഹരായ സ്വദേശികൾക്ക് ബാങ്ക് അക്കൗണ്ടുകൾ വഴി നേരിട്ട് വിതരണം ചെയ്യുന്നതാണ് ഈ പദ്ധതി. കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ സമർപ്പിച്ച ശുപാർശയുടെ അടിസ്ഥാനത്തിലാണ് പദ്ധതി ദീർഘിപ്പിക്കാൻ രാജാവ് നിർദേശം നൽകിയത്. സിറ്റിസൺ അക്കൗണ്ട് പദ്ധതി ഗുണഭോക്താക്കൾക്ക് നേരത്തെ പ്രഖ്യാപിച്ച താൽക്കാലിക അധിക സഹായം നാലു മാസത്തേക്കു കൂടി ദീർഘിപ്പിക്കാനും രാജാവ് നിർദേശിച്ചു.
താൽക്കാലിക സഹായം ജൂലൈ വരെയാണ് തുടരുക. സിറ്റിസൺ അക്കൗണ്ട് പദ്ധതിയിൽ പുതിയ ഗുണഭോക്താക്കളുടെ രജിസ്‌ട്രേഷനും തുടരും. ആഗോള തലത്തിൽ നിത്യോപയോഗ വസ്തുക്കളുടെ വിലക്കയറ്റത്തിന്റെ പ്രത്യാഘാതങ്ങളിൽ നിന്ന് അർഹരായ കുടുംബങ്ങൾക്ക് സംരക്ഷണം നൽകാൻ ലക്ഷ്യമിട്ട് സിറ്റിസൺ അക്കൗണ്ട് പദ്ധതി ഗുണഭോക്താക്കൾക്ക് താൽക്കാലിക അധിക സഹായം വിതരണം ചെയ്യാൻ 800 കോടി റിയാൽ നീക്കിവെക്കാൻ 2022 ജൂലൈ മാസത്തിൽ രാജാവ് നിർദേശിച്ചിരുന്നു. അധിക സഹായം മൂന്നു മാസത്തേക്ക് കൂടി ദീർഘിപ്പിക്കാൻ ഇക്കഴിഞ്ഞ ജനുവരിയിൽ രാജാവ് നിർദേശിച്ചിരുന്നു. ഇത് മാർച്ചിൽ അവസാനിച്ചു. ഇതോടെയാണ് അധിക സഹായം നാലു മാസത്തേക്കു കൂടി ദീർഘിപ്പിക്കാൻ രാജാവ് നിർദേശിച്ചത്. ഏപ്രിൽ മാസത്തെ സിറ്റിസൺ അക്കൗണ്ട് പദ്ധതി സഹായം ഇന്നലെ ഗുണഭോക്താക്കളുടെ അക്കൗണ്ടുകളിൽ നിക്ഷേപിച്ചു. രാജാവ് പ്രഖ്യാപിച്ച താൽക്കാലിക അധിക സഹായം ഉൾപ്പെടെയുള്ള ധനസഹായമാണ് ഗുണഭോക്താക്കൾക്ക് വിതരണം ചെയ്തത്.