ദമ്മാം: ജലസുരക്ഷക്കായി ക്ലൗഡ് സീഡിംഗ് സാങ്കേതികവിദ്യ വ്യാപകമാക്കാൻ സൗദി അറേബ്യ. മേഘങ്ങളെ തണുപ്പിച്ച് കൃത്രിമമായി മഴ പെയ്യിക്കുന്ന സംവിധാനത്തിന്റെ പുതിയ പതിപ്പിന് ദമ്മാമിൽ തുടക്കം കുറിച്ചു. സൗദി പരിസ്ഥിതി ജല, കൃഷി മന്ത്രി അബ്ദുറഹ്മാൻ അൽ ഫദ്‌ലി പദ്ധതി രാജ്യത്തിന് സമർപ്പിച്ചു.
വിമാനങ്ങളും സാങ്കേതിക വിദ്യകളുമടങ്ങുന്നതാണ് പ്രൊജക്ട്. ഹരിത സുസ്ഥിരതക്കായുള്ള സൗദിയുടെയും മിഡിൽ ഈസ്റ്റിന്റെയും പ്രഖ്യാപനങ്ങൽക്ക് അനുസൃതമായി സാങ്കേതികവും മാനുഷികവുമായ കഴിവുകൾ ഉപയോഗപ്പെടുത്തിയുള്ള മുന്നേറ്റമാണ് ക്ലൗഡ് സീഡിംഗിലൂടെ ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
പ്രാദേശിക വൈദഗ്ധ്യം വികസിപ്പിക്കുക, ജലലഭ്യതയിൽ സുസ്ഥിരത കൈവരിക്കുക, പച്ചപ്പ് നിറഞ്ഞ ഏരിയകൾ വിപുലപ്പെടുത്തുക, സാങ്കേതിക വിദ്യയുടെ കാര്യക്ഷമത വർധിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളാണ് പദ്ധതി മുന്നോട്ടുവെയ്ക്കുന്നത്.