റിയാദ്- റിയാദിലെ കിംഗ് അബ്ദുൽ അസീസ് ലൈബ്രറിയിൽ അപൂർവ്വ നാണയങ്ങളുടെയും പുരാതന വസ്തുക്കളുടെയും ശേഖരം. വിവിധ ലോക രാജ്യങ്ങളിൽ കാലാകാലങ്ങളായി ഉപയോഗിച്ചിരുന്ന നാണയങ്ങളുൾപ്പെടെ 1400 വർഷത്തെ ഇസ്‌ലാമിക ചരിത്രത്തിൽ ഉപയോഗിച്ചു വന്ന സ്വർണം വെള്ളി തുടങ്ങിയ വിവിധ ലോഹങ്ങൾ കൊണ്ടുണ്ടാക്കിയ 8100 ലേറെ പുരാതന നാണയങ്ങളുടെ അപൂർവ്വ ശേഖരമാണ് ഈ ലൈബ്രറിയിൽ ഉള്ളത്.
അമവികൾ, അബ്ബാസികൾ, ഫാത്തിമികൾ, അയ്യൂബികൾ, സൽജൂക്കികൾ, ഉസ്മാനികൾ, മംലൂക്കികൾ തുടങ്ങിയ സാമ്രാജ്യങ്ങളിൽ ഉപയോഗിച്ചുവന്നവയും ഇതിലുണ്ട്. ഇതിന് പുറമെ, ഇന്ത്യ, സ്‌പെയ്ൻ, മൊറോക്കോ, റഷ്യൻ റിപ്പബ്ലിക്കുകൾ, കിഴക്കനേഷ്യൻ രാജ്യങ്ങൾ, യെമൻ, ഒമാൻ തുടങ്ങി വിവിധ പ്രദേശങ്ങളിൽ നിലനിന്നിരുന്ന സാമ്രാജ്യങ്ങളിൽ ഉപയോഗിച്ചിരുന്ന നാണയങ്ങളും അക്കൂട്ടത്തിലുണ്ട്. അമവി ഭരണാധികാരിയായിരുന്ന അബ്ദുൽ മലിക് ബിൻ മർവാനാണ് എ.ഡി 692 ൽ ആദ്യമായി ഇസ്‌ലാമിക നാണയം പുറത്തിറക്കിയ മുസ്‌ലിം ഭരണാധികാരി അതിനു മുമ്പ് റോമൻകാരുടെയോ പേർഷ്യക്കാരുടെയോ നാണയങ്ങളായിരുന്നു അറബികൾ ഉപയോഗിച്ചു വന്നിരുന്നത്. ദീനാറുകളുടെ നിർമ്മാണം ആദ്യമായി ആരംഭിക്കുന്നത് റോമൻ ഭരണാധികാരിയായിരുന്ന ഹെർക്കുലീസിനെയും രണ്ടു ആൺമക്കളെയും പ്രതിനിധാനം ചെയ്യുന്ന തരത്തിൽ ഈജിപ്തിലെ അലക്‌സാണ്ടറിയയിലാണ്. പിന്നീട് അൽപസ്വൽപം മാറ്റങ്ങൾ വരുത്തി വിശുദ്ധ വചനം ചേർത്ത് അമവി ഭരണാധികാരികൾ ഇസ്‌ലാമിക ദീനാർ എന്ന രൂപത്തിലേക്ക് പരിവർത്തിപ്പിക്കുകയായിരുന്നു.
പേർഷ്യൻ സാമ്രാജ്യത്തിലെ ചക്രവർത്തിമാരായിരുന്ന സാസാനികളുടെ പേരിലുള്ള സാസാൻ അറബിക് ദീനാറും ഈ ശേഖരത്തിലുണ്ട്. ജറുസലേമിൽ അച്ചടിച്ച തൂലൂനിഡ് ദീനാർ, മക്കയിൽ അച്ചടിച്ച ബുവൈയ്യിദ് ദീനാർ തുടങ്ങി കിംഗ് അബ്ദുൽ അസീസ് ലൈബ്രറിയെ പോലെ അറേബ്യൻ ഉപദീപിൽ ഉപയോഗിച്ചിരുന്ന നാണയങ്ങളിൽ ഒട്ടുമിക്കതും ശേഖരിച്ചിട്ടുള്ള മറ്റൊരു ലൈബ്രറിയിലും ലോകത്തെവിടെയുമില്ല. ലോക രാജ്യങ്ങളിലെ പ്രധാന ലൈബ്രറികളിലെല്ലാം നാണയ ശേഖരങ്ങൾക്ക് പ്രത്യേകം വിഭാഗങ്ങളുണ്ടെങ്കിലും അറബ് ഇസ്‌ലാമിക നാണയങ്ങൾ അവിടങ്ങളിലെല്ലാം കുറവാണ്.