റിയാദ്: സൗദിയിൽ ഇത്തവണ ശൈത്യകാലം കൂടുതൽ തണുപ്പുള്ളതായി മാറുമെന്ന് റിപ്പോർട്ട്. രാജ്യത്തെ വിവിധ പ്രദേശങ്ങളിൽ 50 ശതമാനം അധിക മഴയാണ് ശൈത്യകാലത്ത് ലഭിക്കുകയെന്ന് കാലാവസ്ഥ കേന്ദ്രത്തിന്റെ പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
രാജ്യത്ത് ഇത്തവണ അപ്രതീക്ഷിത മഴയാണ് തണുപ്പ് കാലത്ത് ലഭിക്കുകയെന്ന് കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി. 2023 ഡിസംബറിൽ ആരംഭിച്ച് 2024 ഫെബ്രുവരി വരെയാണ് സൗദിയിൽ തണുപ്പ് കാലം നീണ്ടുനിൽക്കുന്നത്. റിയാദ്, ഹൈൽ, കിഴക്കൻ പ്രവിശ്യ, തുടങ്ങിയ പ്രദേശങ്ങളിൽ ജനുവരിയിൽ തന്നെ അധിക മഴ ലഭിക്കും. തബൂക്ക്, അൽ-ജൗഫ്, രാജ്യത്തെ വടക്കൻ അതിർത്തികൾ എന്നിവിടങ്ങളിൽ ഫെബ്രുവരിയിലാണ് അധിക മഴ ലഭിക്കുക.
മഴ വർധിക്കുന്നതോടെ രാജ്യത്ത് തണുപ്പും ക്രമാതീതമായി ഉയരും. അതേസമയം രാജ്യവ്യാപകമായി ഉപരിതല താപനില വർദ്ധിക്കുന്നതായും കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി. ജനുവരി, ഫെബ്രുവരി മാസങ്ങളിൽ രാജ്യത്ത് താപനില ഉയരുമെന്നും കേന്ദ്രം പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. എല്ലാ പ്രദേശങ്ങളിലും ശരാശരി താപനില 1.5 ഡിഗ്രി സെൽഷ്യസ് ഉയരാനുള്ള സാധ്യത 80 ശതമാനമാണെന്നാണ് റിപ്പോർട്ട്.