റിയാദ് – സ്വകാര്യ ആശുപത്രികളിൽ ആദ്യ പരിശോധനക്കു ശേഷം പതിനാലു ദിവസത്തിനുള്ളിൽ വീണ്ടും ഡോക്ടറെ കൺസൾട്ട് ചെയ്യുന്നതിന് ഫീസ് നൽകേണ്ടതില്ലെന്ന് റിയാദ് ആരോഗ്യ വകുപ്പ് അറിയിച്ചു. ആരോഗ്യ മന്ത്രാലയം പ്രഖ്യാപിക്കുന്ന തീരുമാനങ്ങളും നിർദേശങ്ങളും പാലിക്കാൻ സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങൾ ബാധ്യസ്ഥമാണെന്ന് സ്വകാര്യ ആരോഗ്യ സ്ഥാപന നിയമത്തിലെ ഏഴാം ഖണ്ഡികയിലെ മൂന്നാം വകുപ്പിൽ വ്യക്തമാക്കുന്നുണ്ട്. ആദ്യ പരിശോധനാ തീയതി മുതൽ പതിനാലു ദിവസത്തിനുള്ളിൽ സൗജന്യമായി വീണ്ടും ഡോക്ടറെ കാണാൻ രോഗിക്ക് അവകാശമുണ്ടെന്ന് സ്വകാര്യ ആശുപത്രികളിൽ രോഗികളുടെ അവകാശങ്ങളും കടമകളുമായും ബന്ധപ്പെട്ട പ്രമാണം വ്യക്തമാക്കുന്നതായും റിയാദ് ആരോഗ്യ വകുപ്പ് പറഞ്ഞു.