വരൾച്ചയെ നേരിടാൻ 15 കോടി ഡോളറിൻറെ ആഗോള സംരംഭം തുടങ്ങാൻ സൗദി അറേബ്യ. വരൾച്ച ഏറ്റവും കൂടുതൽ അനുഭവപ്പെടുന്ന രാജ്യങ്ങളിലാണ് സംരംഭം ആരംഭിക്കുന്നതെന്ന് സൗദി പരിസ്ഥിതി, ജലം, കൃഷി മന്ത്രി അബ്ദുറഹ്മാൻ അൽഫദ്ലി പറഞ്ഞു. അടുത്ത പത്ത് വർഷത്തിനുള്ളിൽ 15 കോടി ഡോളറിൻറെ ഈ സംരംഭം നടപ്പാക്കും. റിയാദിൽ ആരംഭിച്ച ‘കോപ് 16’ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
കാർഷിക ഉൽപ്പാദനത്തിൻറെ കാര്യക്ഷമതയും കൃഷി ഭൂമികളുടെ സുസ്ഥിര പരിപാലനവും വർധിപ്പിക്കുന്നതിന് കാർഷിക ദേശീയ തന്ത്രം ആവിഷ്കരിച്ച് നടപ്പാക്കുകയാണ്. കൂടാതെ ഭക്ഷ്യനഷ്ടവും ഭക്ഷണം പാഴാക്കലും പകുതിയായി കുറയ്ക്കാൻ ലക്ഷ്യമിട്ട് ഭക്ഷ്യ സുരക്ഷ ദേശീയ തന്ത്രവും മന്ത്രാലയം നടപ്പാക്കി വരുകയാണ്. ജലസ്രോതസ്സുകളുടെ സംരക്ഷണവും സുസ്ഥിരതയും വർധിപ്പിക്കുന്നതിനായി സൗദി ഒരു ദേശീയ ജല തന്ത്രം സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.