റിയാദ്: സൗദിയിൽ പുതിയ കോവിഡ് വാക്സിൻ വികസിപ്പിച്ചതായി പബ്ലിക് ഹെൽത്ത് അതോറിറ്റി അറിയിച്ചു. നിലവിലുള്ള എല്ലാ കോവിഡ് വകഭേദങ്ങളെയും കോവിഡ് 19 ന്റെ സങ്കീർണതകളെയും പ്രതിരോധിക്കുന്ന ഈ വാക്സിൻ ഇപ്പോൾ 18 വയസ്സിന് മുകളിലുള്ളവർക്ക് ലഭ്യമാണ്.
50 വയസ്സിന് മുകളിലുള്ള രോഗബാധക്ക് ഏറ്റവുമധികം സാധ്യതയുള്ള വിഭാഗങ്ങളാണ് ഈ വാക്സിൻ സ്വീകരിക്കണമെന്ന് ശുപാർശ ചെയ്യുന്നതെന്നും അതോറിറ്റി വ്യക്തമാക്കി. രാജ്യത്ത് മൊബൈൽ ഇൻഫക്ഷ്യസ് ഡിസീസസ് യൂണിറ്റ് തുടങ്ങിയതായി നേരത്തെ ആരോഗ്യമന്ത്രി ഫഹദ് അൽജലാജിൽ ഉദ്ഘാടനം ചെയ്തിരുന്നു. ഉയർന്ന അപകടസാധ്യതയുള്ള പകർച്ചവ്യാധികൾ നിരീക്ഷിക്കുന്നതിനും രോഗനിർണ്ണയത്തിനുമുള്ള ദേശീയ സാധ്യതകൾ ഉയർത്തുന്നതിനാണ് ഈ യൂണിറ്റ് ഉപയോഗപ്പെടുത്തുന്നതെന്ന് പബ്ലിക് ഹെൽത്ത് അതോറിറ്റി അറിയിച്ചു.
ഇതിനാവശ്യമായ എല്ലാ ഉപകരണങ്ങളും സാങ്കേതികവിദ്യകളും സംവിധാനങ്ങളും ഇവിടെയുണ്ട്. ലോകത്തെ മികച്ച ലബോറട്ടറികളിൽ നിന്ന് പരിശീലനം നേടിയ യോഗ്യരായ ജീവനക്കാരാണ് ഇവിടെ ജോലി ചെയ്യുന്നത്. പകർച്ച വ്യാധികളെ നിരീക്ഷിച്ച് ആവശ്യമായ പ്രതിരോധ പ്രവർത്തനങ്ങൾ വികസിപ്പിക്കാനുള്ള ശേഷി സൗദി അറേബ്യ കൈവരിച്ചുകഴിഞ്ഞതായും അതോറിറ്റി കൂട്ടിച്ചേർത്തു.