ജിദ്ദ – സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്‌റോണും കൂടിക്കാഴ്ച നടത്തി. പാരീസില്‍ എലിസി കൊട്ടാരത്തില്‍ വെച്ചാണ് ഫ്രഞ്ച് പ്രസിഡന്റ് സൗദി കിരീടാവകാശി കൂടിക്കാഴ്ച നടന്നത്. ഇരുവരും തമ്മിലുള്ള ചര്‍ച്ച 100 മിനിറ്റ് നീണ്ടു നിന്നു.
ഉഭയകക്ഷി ബന്ധങ്ങള്‍ ശക്തമാക്കുന്നതിനെ കുറിച്ചും മേഖലാ രാജ്യങ്ങളുടെ സ്ഥിരതക്ക് നേരിടുന്ന വെല്ലുവിളികളും, ഉക്രൈന്‍ യുദ്ധവും ഉക്രൈന്‍ യുദ്ധം ലോക രാജ്യങ്ങളിലുണ്ടാക്കുന്ന പ്രത്യാഘാതങ്ങളും സുഡാന്‍ യുദ്ധവും അടക്കമുള്ള പ്രധാന ആഗോള പ്രശ്‌നങ്ങളും ഇരുവരും വിശകലനം ചെയ്തു. തിങ്കളാഴ്ച നടക്കുന്ന ഇന്റര്‍നാഷണല്‍ ബ്യൂറോ ഓഫ് എക്‌സ്‌പോസിഷന്‍സ് മീറ്റിംഗിലും മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ പങ്കെടുക്കും. 2030 എക്‌സ്‌പോക്ക് ആതിഥേയത്വം വഹിക്കാനുള്ള റിയാദിന്റെ നാമനിര്‍ദേശം സമര്‍പ്പിക്കുന്നതുമായി ബന്ധപ്പെട്ട ഔദ്യോഗിക സ്വീകരണ ചടങ്ങിന് യോഗം സാക്ഷ്യം വഹിക്കും. പുതിയ ഗ്ലോബല്‍ ഫിനാന്‍സിംഗ് കരാര്‍ വിശകലനം ചെയ്യാന്‍ ഈ മാസം 22, 23 തീയതികളില്‍ ഫ്രാന്‍സ് സംഘടിപ്പിക്കുന്ന ഉച്ചകോടിയിലും കിരീടാവകാശി പങ്കെടുക്കും.