റിയാദ്- സൗദി അറേബ്യയിലെ കലാസൃഷ്ടികളുടെയും ചരിത്രപരമായ കെട്ടിടങ്ങളുടെയും ഉടമകൾക്ക് അവരുടെ സ്വത്തുക്കൾ ഇൻഷ്വർ ചെയ്യാൻ സഹായിക്കുന്ന പുതിയ പദ്ധതി സാംസ്കാരിക മന്ത്രി ബദർ ബിൻ അബ്ദുല്ല ബിൻ ഫർഹാൻ രാജകുമാരൻ പ്രഖ്യാപിച്ചു.
സാംസ്‌കാരിക മന്ത്രാലയത്തിൻ്റെയും സൗദി ഇൻഷുറൻസ് അതോറിറ്റിയുടെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നതെന്ന് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ ഒരു പ്രസ്താവനയിലൂടെ മന്ത്രി വ്യക്തമാക്കി.
സാംസ്കാരിക ആസ്തികൾ സംരക്ഷിക്കുന്നതിനും സൗദി അറേബ്യയുടെ സാംസ്കാരിക പൈതൃകം സംരക്ഷിക്കുന്നതിനും അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനും ചരിത്രപരമായ സ്ഥലങ്ങൾ പുനഃസ്ഥാപിക്കുന്നതിനും കലാസൃഷ്ടികൾ പരിപാലിക്കുന്നതിനും സർഗ്ഗാത്മക സമ്പദ്‌വ്യവസ്ഥയെ പിന്തുണയ്ക്കുന്നതിനുമുള്ള മന്ത്രാലയത്തിൻ്റെ പ്രതിബദ്ധത ഊന്നിപ്പറയുന്നതിനുള്ള നിർണായക ചുവടുവയ്പ്പാണിതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
രാജ്യത്തിൻ്റെ സമ്പന്നമായ സാംസ്കാരിക ചരിത്രത്തിൻ്റെ ശാശ്വത സ്മാരകങ്ങളായി അവയുടെ സംരക്ഷണം ഉറപ്പാക്കാൻ ചരിത്രപരമായ കെട്ടിടങ്ങൾക്ക് പ്രത്യേക ശ്രദ്ധ നൽകുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.