ദമ്മാം: സ്വകാര്യ ആവശ്യത്തിന് കൊണ്ടുവരുന്നതും ഉപയോഗിച്ചതുമായ വസ്തുക്കൾക്ക് കസ്റ്റംസ് നികുതിയിൽ ഇളവ് ലഭിക്കുമെന്ന് സൗദി കസ്റ്റംസ് ആന്റ് സകാത്ത് അതോറിറ്റി. ആറ് മാസത്തിൽ കൂടുതൽ കാലം വിദേശത്ത് താമസിച്ച സ്വദേശികൾക്കും പുതുതായി രാജ്യത്തേക്ക് എത്തുന്ന വിദേശികൾക്കും ഇളവ് ലഭ്യമാകും. കൃത്യമായ ഡോക്യുമെന്റുകൾ സമർപ്പിക്കുന്നവർക്ക് മാത്രമാകും ഇളവ് ലഭിക്കുക.
വ്യക്തിഗത ആവശ്യത്തിനുള്ളതും ഉപയോഗിച്ചതുമായ വീട്ടുപകരണങ്ങൾ സൗദിയിലേക്ക് ഇറക്കുമതി ചെയ്യുന്നതിനാണ് നികുതി ഇളവ്. നികുതിയിളവിന് പുറമേ കസ്റ്റംസ് നടപടികളിൽ നിന്നും ഒഴിവ് നൽകും. വ്യോമ- കര- നാവിക അതിർത്തികൾ വഴിയെത്തുന്ന വസ്തുക്കൾക്കാണ് ആനുകൂല്യം ലഭിക്കുക.
വിദേശത്ത് കഴിഞ്ഞതിന്റെ രേഖകൾ, പുതതായി രാജ്യത്ത് താമസിക്കുന്നതിന് നേടിയ വിസ രേഖകൾ ഒപ്പം താമസ ഇടവുമായി ബന്ധപ്പെട്ട രേഖകൾ, സർക്കാർ തലത്തിലെ വകുപ്പ് മേധാവികൾ സാക്ഷ്യപ്പെടുത്തിയ രേഖകൾ എന്നിവ ഇതിനായി ഹാജരാക്കണമെന്നും അതോറിറ്റി വ്യക്തമാക്കി.